രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവ് കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.രാഹുലിനെ തൊടാൻ മാത്രം ഉശിരുള്ള ആണുങ്ങളൊന്നും ആർ.എസ്.എസിലില്ലെന്നും ചുണയുണ്ടെങ്കില്‍ തൊട്ട് നോക്കൂ, ഇത് വെല്ലുവിളി തന്നെയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്‍റെ പേരിടുന്നതിനെ വിമർശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പാലക്കാട്ട് കാല്‍ കുത്താൻ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്‍റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം.ഹെഡ്ഗേവാര്‍ വിവാദത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറല്‍ സെക്രട്ടറി കൊലവിളി നടത്തിയത്.
ഇതിനോട് പ്രതികരിച്ച രാഹുല്‍, കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിക്കൊണ്ട് തന്നെ ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാല്‍വെട്ടിയെടുത്താല്‍ ഉള്ള ഉടല്‍വെച്ച് ആർ.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു.
‘ഈ സംസാരം നിർത്തണമെങ്കില്‍ നാവറുക്കേണ്ടി വരും. പിന്നെയും ആർ.എസ്.എസിനെതിരെ തന്നെ പ്രവർത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. അതിന് പ്ലാറ്റ്ഫോം ടിക്കറ്റ് കൊടുക്കുന്നത് ആർ.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്ബോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനില്‍ കേറാനും വന്നിറങ്ങാനും കാലു കുത്തി നില്‍ക്കാനും അറിയാം’ -രാഹുല്‍ പറഞ്ഞു.
നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടും. നഗരത്തില്‍ ഭിന്നശേഷി നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനെയല്ല, ഭരണ നേതൃത്വത്തിലോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ യാതൊരു പങ്കും വഹിക്കാത്ത ഒരു പ്രസ്ഥാനത്തിന്റെ വക്താവിന്റെ പേര് കേന്ദ്രത്തിനു നല്‍കുന്നതിനെയാണ് കോണ്‍ഗ്രസ് എതിർക്കുന്നത്. ജനപ്രതിനിധിയുടെ കാല്‍ വെട്ടുമെന്ന ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും ആർ.എസ്.എസിനോടുള്ള എതിർപ്പ് തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
“രാഹുലിന്റെ തല ആകാശത്ത് കാണുമെന്ന് ബിജെപി . കേരളത്തിലെ ഒരു നിയമസഭാംഗത്തിന്റെ തലയെടുക്കുമെന്നാണ് ബി.ജെ.പി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രസംഗിച്ചിരിക്കുന്നത് . അതിന് മാത്രം ഉശിരുള്ള ആണുങ്ങളൊന്നും ആർ.എസ്.എസിലില്ല. ചുണയുണ്ടെങ്കില്‍ തൊട്ട് നോക്ക് . ഇത് വെല്ലുവിളി തന്നെയാണ്.”
രാഹുലിൻ്റെ തല ആകാശത്ത് കാണുമെന്ന് ബിജെപി . കേരളത്തിലെ ഒരു നിയമസഭാംഗത്തിൻ്റെ തലയെടുക്കുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ…
Posted by Sandeep.G.Varier on Wednesday, April 16, 2025

















