വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ് ലക്ഷ്മി (43) യാണ് കൊല്ലപ്പെട്ടത്. പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറ് വര്‍ഷമായി നവീനും ദീപികയും പ്രണയത്തിലായിരുന്നുവെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി പറഞ്ഞു. ദീപികയെ വിവാഹം കഴിക്കാന്‍ നവീന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും യുവാവിന്‍റെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനാല്‍ ഒരു വര്‍ഷം കാത്തിരിക്കാൻ യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ നവീൻ ദീപികയെ വീട്ടില്‍ കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച 12.30ഓടെയാണ് സംഭവം. വിശാഖപട്ടണത്തെ കൊമ്മാടി പ്രദേശത്തെ സ്വയംകൃഷി നഗറിലെ ദീപികയുടെ വീട്ടിലേക്ക് നവീൻ കത്തിയുമായി അതിക്രമിച്ചു കയറുകയായിരുന്നു. ദീപികയെ കുത്തുകയും തടയാൻ ശ്രമിച്ച ലക്ഷ്മിയെയും ആക്രമിക്കുകയും ചെയ്തു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപികയുടെ നില ഗുരുതരമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊലപാതകത്തിന് ശേഷം നവീൻ ഓടിരക്ഷപ്പെട്ടു. അയല്‍ക്കാർ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും ശ്രീകാകുളം ജില്ലയ്ക്ക് സമീപം വച്ച്‌ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച്‌ അറിയിച്ചതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ആഭ്യന്തരമന്ത്രി വി. അനിതയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ദീപികക്ക് മികച്ച ചികിത്സ നല്‍കാനും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അനിത പൊലീസിനോട് നിർദേശിച്ചു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്നത് തടയാൻ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷമായ വൈഎസ്‌ആർ കോണ്‍ഗ്രസ് ആരോപിച്ചു. “സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു. പ്രതിദിനം ശരാശരി 70 സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. വിശാഖപട്ടണം സംഭവത്തിലെ പ്രതികളെ പിടികൂടി കഠിനമായി ശിക്ഷിക്കണം,”വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടി നേതാവും നിയമസഭാ കൗണ്‍സില്‍ അംഗവുമായ വരുദു കല്യാണി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക