മണല്‍ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ ആക്രമണത്തില്‍ ബിജെപി നേതാവ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിലെ കൊറിയ ജില്ലയിലാണ് ആക്രമണം നടന്നത്. മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി സോൻഹത് മേഖലയിലെ നൗഗായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവി കാർ ഒരുവിഭാഗം തടഞ്ഞുനിർത്തുകയും ട്രക്ക് കൊണ്ട് ഇടിപ്പിച്ച ശേഷം തീയിടുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. തീപിടിച്ച കാറിനുള്ളില്‍ കുടുങ്ങിയാണ് മൂന്ന് പേർക്കും ജീവൻ നഷ്ടമായത്.

ബിജെപിയുമായി ബന്ധമുള്ള ഭരത് സിംഗ് എന്ന ലല്ല സിംഗ്, വീരേന്ദ്ര പ്രതാപ് സിംഗ്, നാഗേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മണല്‍ ഖനന ബിസിനസിനെ ചൊല്ലി ഭരത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘവും ത്രിപാഠി കുടുംബവും തമ്മില്‍ ദീർഘനാളായി ശത്രുത നിലനിന്നിരുന്നു. മുൻപും ഇരുവിഭാഗങ്ങളും തമ്മില്‍ നിരവധി പരാതികളും തർക്കങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന് ശേഷം ഒരു സംഘം ആളുകള്‍ എതിർവിഭാഗത്തെ കാണാൻ പോയതോടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ടവർ ഒരു ഫോർച്യൂണർ എസ്‌യുവിയിലും മറ്റൊരു സെഡാൻ കാറിലുമായിരുന്നു സഞ്ചരിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ അക്രമികള്‍ ഫോർച്യൂണർ കാർ തടഞ്ഞുനിർത്തുകയും ടിപ്പർ ട്രക്ക് ഉപയോഗിച്ച്‌ പലതവണ കാറിനെ ഇടിക്കുകയും ചെയ്തു. ശക്തമായ ഇടിയില്‍ കാറിന് വലിയ നാശനഷ്ടം സംഭവിക്കുകയും അതിന്റെ ഡൊറുകള്‍ ലോക്കാവുകയും ചെയ്തു. ഇതിനാല്‍ ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ സാധിച്ചില്ല. ഭരത് സിംഗ് സംഭവസ്ഥലത്ത് തന്നെ കാറിനുള്ളില്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നാഗേന്ദ്ര സിംഗിനെ റായ്പൂരിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര പ്രതാപ് സിംഗ് അംബികാപൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നവർക്ക് നേരെയും ആക്രമണമുണ്ടാവുകയും അവർക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആദ്യം വൈകുണ്ഠ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്കും മാറ്റി.

അക്രമികള്‍ എസ്‌യുവിക്ക് മുകളില്‍ ഇന്ധനം ഒഴിച്ച ശേഷമാണ് തീയിട്ടതെന്ന് ചില ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണം പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വാഹനാപകടത്തിന്റെ ആഘാതത്തിലാണോ അതോ വൈദ്യുതി പോസ്റ്റിലിടിച്ചാണോ തീപിടിച്ചതെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തിവരികയാണ്. സർഗുജ റേഞ്ച് ഇൻസ്പെക്ടർ ജനറല്‍ ദീപക് ഝാ സംഭവസ്ഥലം സന്ദർശിച്ച്‌ അന്വേഷണ പുരോഗതി വിലയിരുത്തി. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ് ത്രിപാഠി സംഘവും താക്കൂർ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സുരേഷ ചൗബേ വ്യക്തമാക്കി.

സംഭവത്തില്‍ കൊലപാതകം, കൊലപാതക ശ്രമം, വസ്തുക്കള്‍ നശിപ്പിക്കല്‍, തീവെപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. എഫ്‌ഐആറില്‍ ഏഴു മുതല്‍ ഒൻപത് വരെ പ്രതികളുടെ പേരുകളുണ്ട്. അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നീ നാല് പ്രധാന പ്രതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക