കുടുംബപ്രശ്നങ്ങളെത്തുടർന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീർത്ത് ‘ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ’ എന്ന പ്രവാസി മലയാളി സംഘന.ഷൈനി, കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത ലോണില്‍ ബാക്കിയുണ്ടായിരുന്ന 95,225 രൂപയാണ് സംഘടന നല്‍കിയത്. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസിന് സംഘടന നല്‍കിയ ചെക്ക് ഞായറാഴ്ച വൈകീട്ടോടെ, ഷൈനി അംഗമായിരുന്ന ‘പുലരി’ കുടുംബശ്രീ സംഘത്തിലെ അംഗങ്ങള്‍ക്ക് കൈമാറി.
കുടുംബശ്രീ സംഘത്തില്‍നിന്ന് മൂന്ന് വായ്പയാണ് ഷൈനി എടുത്തിരുന്നത്. ഭർത്താവ് നോബിയുമായുള്ള പ്രശ്നത്തെത്തുടർന്ന്, ഒൻപതുമാസംമുൻപാണ് ഷൈനി വീടുവിട്ടിറങ്ങിയത്. ഇതിനുശേഷം ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലാണ് മക്കളുമായി കഴിഞ്ഞിരുന്നത്.
ഷൈനി ചുങ്കത്തുനിന്ന് പോകുന്നതിന് മുൻപുവരെ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നു. ഏറ്റുമാനൂരിലേക്ക് പോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ സംഘത്തിലെ മറ്റംഗങ്ങള്‍ ഷൈനിയെ ബന്ധപ്പെട്ടിരുന്നു. ഷൈനി പണമടച്ചില്ലെങ്കില്‍ സംഘത്തിലെ മറ്റ് 13 അംഗങ്ങള്‍ക്കും ഇത് തുല്യബാധ്യതയായിമാറും. അതിനിടെയാണ് ഫെബ്രുവരി 28-ന് ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം മരിച്ചത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, അംഗങ്ങളില്‍നിന്ന് തുക സമാഹരിച്ചാണ് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയതെന്ന് കണ്‍വീനർ സാബു ഫിലിപ്പ് പറഞ്ഞു. യുകെയിലെ സൗത്ത് എൻഡില്‍ താമസിക്കുന്ന റിട്ട. ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂള്‍ ക്നാനായ കമ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂള്‍ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർ ധനസമാഹരണത്തിന് സഹായിച്ചു.
ഇടുക്കിയില്‍നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സന്നദ്ധസംഘനയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ. ഇതുവരെ 1.41 കോടി രൂപയുടെ സന്നദ്ധസഹായങ്ങള്‍ സംഘടന നല്‍കിയിട്ടുണ്ടെന്ന്, ഭാരവാഹികളായ ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവർ പറഞ്ഞു.

















