വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ രാഷ്ട്രീയം കാണാറുണ്ട്. മുതലെടുപ്പിനുള്ള എല്ലാ അവസരങ്ങളും രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഉപയോഗിക്കാറുമുണ്ട്. ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്കുകളിലും ഉൾപ്പെടെ തങ്ങളുടെ ആളുകൾ ഭാരവാഹിത്വത്തിലും സംഘടനാ ചുമതലയിലും ഉണ്ടാവണമെന്ന് നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും നിലപാടെടുക്കുന്ന ഒരു കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്.

മതപരമായ ആചാരങ്ങളിലും ആഘോഷങ്ങളിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ നിലപാടിനെതിരെ വിശ്വാസികളിൽ ഒരു വലിയ വിഭാഗം എതിർപ്പും പ്രകടിപ്പിക്കുന്നുണ്ട്. സമാനമായ ഒരു സംഭവമാണ് ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിലും ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനവാരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഉയർത്തേണ്ട കൊടിക്കൂറ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ അത് ഏറ്റുവാങ്ങിയത് കേരളത്തിലെ മന്ത്രി കൂടിയായ ഏറ്റുമാനൂർ എംഎൽഎ വി എൻ വാസവൻ ആണ്. തന്ത്രിയോ മേൽശാന്തിയോ ആണ് പ്രാർത്ഥനാപൂർവ്വം ഈ കൊടിക്കൂറ ഏറ്റുവാങ്ങേണ്ടത് എന്ന നിലപാടിലാണ് വിശ്വാസികളിൽ ഒരു വിഭാഗം. ഒളിഞ്ഞും തെളിഞ്ഞും ഈ വിഷയത്തിലുള്ള തങ്ങളുടെ എതിർപ്പ് അവർ പ്രകടിപ്പിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷേത്രോത്സവവും പള്ളിപ്പെരുന്നാളും എല്ലാം ആഘോഷങ്ങൾക്കപ്പുറം വിശ്വാസപരമായ ചില അനുഷ്ഠാനങ്ങളും ആചാരങ്ങളും ആണ്. എന്നാൽ ഇന്ന് പലപ്പോഴും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയപാർട്ടികളും നേതാക്കളും ഇത്തരം പരിപാടികളിൽ കടന്നു കൂടുമ്പോൾ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിശ്വാസത്തിനും ഉള്ള പ്രാധാന്യം നഷ്ടപ്പെടുകയും ഇതെല്ലാം വെറും ആഘോഷങ്ങളായി മാറുകയും ചെയ്യുന്നു എന്ന പക്ഷമാണ് ഒരു വിഭാഗം പ്രകടിപ്പിക്കുന്നത്. ഒരു പരിധിവരെ ഇത് യാഥാർത്ഥ്യമാണ് എന്ന് അംഗീകരിക്കാതെ വയ്യ.

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കൊണ്ടിരിക്കുന്ന ഒരു സമയമായതിനാൽ ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ അതിൻറെ മൂർദ്ധന്യതയിൽ ആയി കൊണ്ടിരിക്കുന്നു എന്നും പറയേണ്ടിവരും. ഈ വർഷം അവസാനം തദ്ദേശ തെരഞ്ഞെടുപ്പും അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ് കേരളത്തിൽ. ഈ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടുതന്നെയാണ് മന്ത്രി ക്ഷേത്ര ആചാരങ്ങൾക്ക് മേൽ ഇത്തരം ഒരു കടന്നുകയറ്റം നടത്തിയത് എന്ന വിമർശനമാണ് കൊടിക്കൂറ സ്വീകരിച്ച അദ്ദേഹത്തിന്റെ നിലപാടിനെ എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക