വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ജീവനൊടുക്കി അധ്യാപികമാരായ സഹോദരിമാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.25ഉം 23ഉം വയസ് പ്രായമുള്ള അധ്യാപികമാരാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജീവനൊടുക്കിയത്.

സഹോദരിമാർക്കായി വൻ വിവാഹ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാകുമ്പോഴാണ് മരണ വാർത്തയെത്തുന്നത്. ജോധ്പൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികമാരായ ശോഭ, വിമല എന്നിവരാണ് ജീവനൊടുക്കിയത്. ദീപ്‍ സിംഗ് എന്നയാളുടെ പെണ്‍മക്കളാണ് ജീവനൊടുക്കിയത്. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുക്കളും അയല്‍വാസികളും വീട്ടിലേക്ക് എത്തുന്നതിനിടയിലാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷം കഴിച്ചാണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുറിയില്‍ അവശനിലയില്‍ കണ്ട സഹോദരിമാരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളോ ആത്മഹത്യയിലേക്ക് എത്തിയതിന് സൂചനകളോ നല്‍കുന്ന ഒന്നും തന്നെ നിലവില്‍ കണ്ടെത്താനായിട്ടില്ലെന്നതാണ് വീട്ടുകാരേയും പൊലീസിനേയും വലയ്ക്കുന്നത്. വിവാഹം വീട്ടുകാരുടെ നിബന്ധന മൂലമാണോയെന്ന ആശങ്ക ബന്ധുക്കളില്‍ ചിലർ പങ്കുവച്ചിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലേദിവസമായ വെള്ളിയാഴ്ച ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോധ്പൂരിലെ മനൈ ഗ്രാമത്തിലാണ് ഈ ദുരന്തമുണ്ടായത്. സംഭവത്തെ തുടർന്ന് ഗ്രാമം മുഴുവൻ ദുഖത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈകിയും വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടന്നിരുന്നുവെന്നും അർദ്ധരാത്രിയോടെ സഹോദരിമാർ ഇരുവരും ഉറങ്ങാനായി മുറിയിലേക്ക് പോയി. എന്നാല്‍ പുലർച്ചെ നാല് മണിയോടെ ഇവരുടെ ആരോഗ്യനില വഷളായി. തുടർന്ന് വീട്ടുകാർ ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് എഡിസിപി റോഷൻ മീണ വിശദമാക്കുന്നത്.

ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ച ശേഷം, പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിക്കാൻ വീട്ടുകാർ ഒരുങ്ങി. എന്നാല്‍ വിവരമറിഞ്ഞ് പുലർച്ചെ ആറ് മണിയോടെ പൊലീസ് സ്ഥലത്തെത്തി സംസ്കാര ചടങ്ങുകള്‍ നിർത്തിവെപ്പിച്ചു. തുടർന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി എംജിഎച്ച്‌ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സഹോദരിമാർ വിഷം കഴിച്ച്‌ മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

സംഭവത്തില്‍ ഗുരുതരമായ ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മയുടെ അമ്മാവനായ ജസ്വന്ത് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സഹോദരിമാരുടെ വിവാഹം ആദ്യം ഉറപ്പിച്ചത് ഭിൻമലില്‍ നിന്നുള്ള യുവാക്കളുമായിട്ടായിരുന്നു. എന്നാല്‍ കുടുംബത്തിലെ ചിലരുടെ സമ്മർദ്ദം കാരണം ആ വിവാഹം മുടങ്ങി. പിന്നീട് പൊഖ്റാനിലെ ജെംല ഗ്രാമത്തിലുള്ള യുവാക്കളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ദീപ് സിംഗിന്റെ ഇളയ സഹോദരന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സമ്മർദ്ദം മൂലമാകാം സഹോദരിമാർ ഈ കടുംകൈ ചെയ്തതെന്നാണ് ജസ്വന്ത് സിംഗ് ആരോപിക്കുന്നത്. ഈ വിവാഹത്തിന് പെണ്‍കുട്ടികള്‍ക്ക് സമ്മതമായിരുന്നോ, അതോ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണോ അവർ വിവാഹത്തിന് തയ്യാറായത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക