കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അനുദിനം മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗ്രൂപ്പ് നേതാക്കൾ കളത്തിൽ ഇറങ്ങിയതോടെ ജില്ലയിലെ സീറ്റുകൾക്ക് വേണ്ടിയുള്ള കടിപിടിയും മുറുകുകയാണ്. നിലവിൽ ജോസഫ് ഗ്രൂപ്പിൻറെ കൈവശമുള്ള ഏറ്റുമാനൂർ ചങ്ങനാശ്ശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആഗ്രഹിക്കുന്നത്. ഈ സീറ്റുകൾ ലക്ഷ്യമിട്ട് പ്രമുഖ പ്രാദേശിക നേതാക്കൾ പ്രവർത്തനവും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഏറ്റുമാനൂർ സീറ്റ് ലാക്കാക്കി പ്രവർത്തനമാരംഭിച്ചത് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷാണ്. നിയോജകമണ്ഡലത്തിലെ പാർട്ടി പരിപാടികളിലും പൊതു പരിപാടികളിലും ഇദ്ദേഹം ഇപ്പോൾ നിത്യ സാന്നിധ്യമാണ്. സമുദായിക സമവാക്യങ്ങൾ തനിക്ക് അനുകൂലമാണെന്നാണ് നാട്ടകം സുരേഷും അദ്ദേഹത്തിനോട് അടുപ്പമുള്ളവരും അവകാശപ്പെടുന്നത്. കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിലെ സിപിഎം വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാനും തന്റെ സ്ഥാനാർത്ഥത്തിന് കഴിയുമെന്ന് നാട്ടകം പ്രതീക്ഷിക്കുന്നു. ഡിസിസി അധ്യക്ഷൻ എന്ന നിലയിലും തനിക്ക് പരിഗണന ലഭിക്കുമെന്നാണ് അദ്ദേഹത്തിൻറെ പ്രത്യാശ.
-->

എന്നാൽ ഇതേ സീറ്റ് ലക്ഷ്യമിട്ട് ഐ ഗ്രൂപ്പിൻറെ നേതാവും ഐഎൻടിയുസി ജില്ലാ അധ്യക്ഷനും കെപിസിസി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫും രംഗത്തുണ്ട്. ഫിലിപ്പിന് വേണ്ടി ചരട് വലികൾ നടത്തുന്നത് ജില്ലയിൽ ഉണ്ടായിട്ടുള്ള പുതിയ ഗ്രൂപ്പ് സമവാക്യമാണ്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിലവിൽ ഐ ഗ്രൂപ്പും, രമേശ് ചെന്നിത്തലയുമായും സഹകരിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. നീക്കത്തിന് ഇടനില വഹിച്ചത് ഫിലിപ്പ് ജോസഫ് ആണ്. ഇതിന് പ്രത്യുപകാരമായി ചാണ്ടി ഉമ്മൻ സീറ്റ് ചർച്ചയിൽ തനിക്ക് അനുകൂല നിലപാട് എടുക്കുമെന്നും ഫിലിപ്പ് വിലയിരുത്തുന്നു.
വി ഡി സതീശനുമായി ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ചാണ്ടി ഉമ്മന് സംരക്ഷണം ഒരുക്കിയത് രമേശ് ചെന്നിത്തലയാണ്. ഷാഫി പറമ്പിൽ എ ഗ്രൂപ്പിൽ നേടിയ അപ്രമാദിത്യമാണ് തന്റെ പിതാവ് പടുത്തുയർത്തിയ ഗ്രൂപ്പിൽ നിന്ന് അകലുവാൻ ചാണ്ടിയെ ആദ്യഘട്ടത്തിൽ പ്രേരിപ്പിച്ചത്. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണനോട് ചേർന്ന് നിന്നായിരുന്നു ചാണ്ടിയുടെ പ്രവർത്തനം. എന്നാൽ ഐ പാളയത്തിൽ എത്തിയാൽ ഈ ശാക്തീകച്ചേരിയിൽ ജില്ലയിലെ ഒന്നാമൻ ആകാമെന്നാണ് ഇപ്പോൾ ചാണ്ടി കണക്കുകൂട്ടുന്നത്. തിരുവഞ്ചൂരിന് പിന്നിൽ രണ്ടാമനായി നിൽക്കുന്നതിനേക്കാൾ ഐ ഗ്രൂപ്പിനൊപ്പം നിന്ന് ജില്ലയിൽ ഒന്നാമനായി നയിക്കുവാനാണ് ചാണ്ടി ആഗ്രഹിക്കുന്നത് എന്നും ചില വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഏതാനും ദിവസങ്ങളായി നിരവധി പരിപാടികളിലൂടെ തന്റെ ഐ ഗ്രൂപ്പ് ആഭിമുഖ്യവും ചാണ്ടി പരസ്യമാക്കിയിട്ടുണ്ട്. ചാണ്ടിയുടെ കാർമികത്വത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ കോളേജ് മാർച്ച് ഉദ്ഘാടനം ചെയ്തത് സാക്ഷാൽ രമേശ് ചെന്നിത്തല നേരിട്ട് എത്തിയാണ്. ഇതിന് പിന്നാലെ ചാണ്ടി റാഗിംഗ് വിഷയം ഉയർത്തി കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൽ പ്രധാന സംഘാടകരായി നിറഞ്ഞുനിന്നത് ജില്ലയിലെ ഐ വിഭാഗം നേതാക്കൾ തന്നെയാണ്. തൊട്ടു പിന്നാലെ തന്നെ ഇന്നലെ ഐഎൻടിയുസിയുടെ പരിപാടി ഉദ്ഘാടകനായി ചാണ്ടി എത്തുകയും മുഖ്യപ്രഭാഷകനായി ജോസഫ് വാഴയ്ക്കൽ എത്തുകയും ചെയ്തതോടെ മറയില്ലാത്ത ഐ ഗ്രൂപ്പ് ബന്ധം ഉമ്മൻചാണ്ടിയുടെ മകൻ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ പോലും കോട്ടയം ജില്ലയിൽ ഒരു കാലത്ത് ശക്തിമായിരുന്ന ഐ ഗ്രൂപ്പിനെ ജില്ലയിൽ അപ്രസക്തമാക്കിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതിനുശേഷം പാർട്ടിക്കുള്ളിൽ അദ്ദേഹം നടത്തിയ തേരോട്ടമായിരുന്നു. പാർട്ടി പുനസംഘടനകളിൽ അടക്കം രാഷ്ട്രീയ മര്യാദയുടെ പേരിൽ വെച്ചുനീട്ടുക്കുന്ന സ്ഥാനങ്ങൾക്കപ്പുറം ജില്ലയിൽ ഐ ഗ്രൂപ്പിന് പദവികൾ പോലും ഈ കാലഘട്ടത്തിൽ ലഭിച്ചിരുന്നില്ല. രണ്ടു പതിറ്റാണ്ടിനിടയിൽ ഐ ഗ്രൂപ്പിന് ജില്ലയിൽ അവകാശപ്പെടാൻ കഴിയുന്ന ഏക രാഷ്ട്രീയ വിജയം ഐഎൻടിയുസി പിടിച്ചെടുത്തതാണ്. ഇത് എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയുമായിരുന്നു. ഈ നീക്കത്തിന് ചുക്കാൻ പിടിച്ച് സാക്ഷാൽ ഉമ്മൻചാണ്ടിയെ പോലും ഞെട്ടിച്ച ഫിലിപ്പ് ജോസഫിനും, ഐ ഗ്രൂപ്പിനും ഒപ്പം അദ്ദേഹത്തിൻറെ മകൻ ചാണ്ടി ഉമ്മൻ എത്തുന്നത് ഒരു രാഷ്ട്രീയ കൗതുകവും ആണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക