രാജസ്ഥാൻ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസില്‍ കോഴിക്കോട് സ്വദേശികളായ മൂന്നുപേർ രാജസ്ഥാൻ പോലീസിന്റെ പിടിയിലായി. കുതിരവട്ടം ഗോവിന്ദപുരം സ്വദേശി കൈലാസ് അപ്പാർട്ട്മെന്റില്‍ ആർ. ശ്രീജിത്ത് (47), കല്ലായി തിരുവണ്ണൂർ രാഗം ഹൗസില്‍ ടി.പി. മിഥുൻ (35), ചാലപ്പുറം എക്സ്പ്രസ് ടവറില്‍ പി.ആർ. വന്ദന (47) എന്നിവരാണ് അറസ്റ്റിലായത്.
കരാറുകാരൻ മഹേഷ്കുമാർ അഗർവാളിനെ ടെലിഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഇവർ നിർമാണസാമഗ്രികള്‍ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് പണംതട്ടുകയായിരുന്നു. സിമന്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ടെലിഗ്രാംവഴിയാണ് പണമിടപാടും നടത്തിയത്.
പലവട്ടം ഇവരുമായി ബന്ധപ്പെട്ട് മഹേഷ്കുമാർ നിർമാണസാമഗ്രികള്‍ അയച്ചുനല്‍കാൻ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു മറുപടിയും കിട്ടാതായതോടെ രാജസ്ഥാനിലെ കുച്ചാമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയായിരുന്നു.

















