ആലപ്പുഴയില്‍ എം.ഡി.എം.എയുമായി അറസ്‌റ്റിലായ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ സ്‌റ്റേഷന്‍ ജാമ്യം നല്‍കിയ നടപടി വിവാദത്തില്‍. ഹരിപ്പാട്ട്‌ ലഹരി കേസില്‍ അറസ്‌റ്റിലായ പ്രതിയില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എം. ആലപ്പുഴ മുനിസിപ്പല്‍ സ്‌റ്റേഡിയം കിഴക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി വിഘ്‌നേഷ്‌ ജയരാജ്‌ കഴിഞ്ഞ ദിവസം പിടിയിലായത്‌. ഇയാള്‍ ലഹരിമരുന്നു എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണെന്ന സൂചനകളുടെ അടിസ്‌ഥാനത്തിലാണ്‌ പിടികൂടിയത്‌.

എസ്‌.എഫ്‌.ഐ മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ ഇയാള്‍ പിടിയിലായതറിഞ്ഞ്‌ കേസില്‍ തുടരന്വേഷണത്തിന്‌ തടയിടാനുള്ള നീക്കം ആലപ്പുഴയിലെ ചില നേതാക്കള്‍ നടത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. ആലപ്പുഴയില്‍ ലഹരിമരുന്നു വിപണനം നടത്തുന്ന സംഘങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പിന്‍ബലമുണ്ട്‌. മുമ്ബ്‌ വിവിധ കേസുകളില്‍ ഇത്‌ മറനീക്കി പുറത്തുവന്നതാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴ ഇ.എം.എസ്‌ സ്‌റ്റേഡിയത്തിന്‌ മുന്നില്‍ നിന്നാണ്‌ വിഘ്‌നേഷിനെ എം.ഡി.എം.എയുമായി സൗത്ത്‌ പോലീസ്‌ പിടികൂടിയത്‌. സംഭവത്തില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ നടപടികളും ചര്‍ച്ചയാകുന്നുണ്ട്‌. സി.പി.എം സംസ്‌ഥാന സമ്മേളനം നടക്കുന്ന സമയത്തുണ്ടായ സംഭവം ഉപരികമ്മറ്റികളിലുള്ളവരില്‍ കടുത്ത അതൃപ്‌തിക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

അതേസമയം വിഘ്‌നേഷിനെ ലഹരി ഉപയോഗത്തിന്റെ പേരില്‍ നേരത്തെ ബ്രാഞ്ച്‌ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ നീക്കയിരുന്നതാണെന്ന പ്രതികരണമാണ്‌ സി.പി.എം ആലപ്പുഴ ഏരിയാ നേതൃത്വത്തില്‍നിന്ന്‌ ഉണ്ടായിട്ടുള്ളത്‌.എന്നാല്‍ ലഹരി കേസില്‍ അന്വേഷണം അട്ടിമറിക്കാനും വിഘ്‌നേഷിന്‌ രാസലഹരി ലഭിക്കുന്നത്‌ എവിടെ നിന്നാണെന്നതടക്കമുള്ള കാര്യങ്ങളിലേക്ക്‌ അന്വേഷണം നീളുന്നത്‌ തടയാനുമുള്ള ശ്രമം ഉണ്ടാകുന്നതായി വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക