യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പല തീരുമാനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു.കുടിയേറ്റ നിയമങ്ങളില്‍ നിർണായക തീരുമാനങ്ങളെടുത്ത ട്രംപ് ഗാസയില്‍ നടത്തിയ ഇടപെടലുകളും ചർച്ചയായി. എന്നാല്‍, അമേരിക്കയില്‍ കുതിച്ചുയരുന്ന മുട്ടവില പ്രസിഡന്റിനെ വട്ടംകറക്കിയിരിക്കുകയാണ്.
വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ട്രംപ് മുട്ടവിലയെ കുറിച്ചും സംസാരിച്ചു.വില നിയന്ത്രാണാതീതമാണെന്നും കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. മുട്ട വില കൂടാൻ കാരണം മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണെന്നും അന്നത്തെ അഗ്രികള്‍ച്ചർ ഡിപാർട്മെന്റ് പത്ത് കോടിയിലധികം കോഴികളെ കൊല്ലാൻ ഉത്തരവിട്ടുവെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുട്ടയുടെ വിതരണം നിലച്ചതെന്നും അവർ ആരോപിച്ചിരുന്നു.
യഥാർഥത്തില്‍ പക്ഷിപ്പനി മൂലമാണ് മുട്ടയുടെ വില കുതിച്ചുയർന്നത്. ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡസൻ മുട്ടയ്ക്ക് 4.95 ഡോളറാണ് വില. ഏകദേശം 430 രൂപ. ഒരു മുട്ടയ്ക്ക് ശരാശരി 36 രൂപ വരുമെന്ന് സാരം. 2015-ല്‍ പക്ഷിപ്പനി ഉണ്ടായിരുന്നപ്പോഴും മുട്ടയുടെ വില കൂടിയിരുന്നു. അന്ന് ഇത്ര കൂടിയിരുന്നില്ല. കഴിഞ്ഞ ജനുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മൊത്തം വർധനവിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇതാണെന്ന് യു.എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
ഓർഗാനിക്, കൂടുകളിലല്ലാത്ത മുട്ട എന്നിവ പോലെയുള്ള പ്രത്യേക ഇനങ്ങള്‍ക്ക് വില ഇതിലും കൂടുതലാണ്. ഈ വർഷം മുട്ടയുടെ വില 20% ഉയരാൻ സാധ്യതയുണ്ടെന്നാണ് യു.എസ്. കൃഷി വകുപ്പിന്റെ പ്രവചനം.
ഇതിനിടയില്‍ കഴിഞ്ഞ മാസം കടയിലേക്ക് മുട്ടയുമായി പോയ ട്രക്ക് കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷം മുട്ടകളാണ് പെൻസില്‍വാനിയയില്‍നിന്ന് മോഷണം പോയത്. ഇതിന് 40,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) വില വരും. ഗ്രീൻ കാസ്റ്റിലുള്ള പീറ്റെ ആന്റ് ജെറി ഓർഗാനിക്സ് എന്ന ഗ്രോസറി കടയിലേക്ക് കൊണ്ടുപോയ മുട്ടകളാണ് കൊള്ളയടിക്കപ്പെട്ടത്.

















