മാർച്ചോടെ കെ.പി.സി.സിക്ക് പുതിയ അധ്യക്ഷൻ വരുമെന്ന് സൂചന. കെ സുധാകരന്റെ പിൻഗാമിയായി മുതിർന്ന നേതാക്കളായ അടൂർ പ്രകാശോ ബെന്നി ബെഹനാനോ എത്തിയേക്കുമെന്നാണ് സൂചന.മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തവരെന്ന് വിലയിരുത്തപ്പെടുന്ന ഡിസിസി അധ്യക്ഷന്മാർക്കും സ്ഥാനചലനം ഉണ്ടായേക്കും.
പത്തോളം ഡിസിസി അധ്യക്ഷന്മാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല എന്ന തരത്തിലുള്ള പരാമർശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിന്റെ റിപ്പോർട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചില ഡിസിസി അധ്യക്ഷന്മാരെ എഐസിസി മാറ്റാനൊരുങ്ങുന്നത്.
ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം മാർച്ച് മാസത്തിനുമുമ്ബ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകള്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് തീരുമാനം നീട്ടിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുമുമ്ബ് അധ്യക്ഷനെ മാറ്റാനാണ് നീക്കം.

















