2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭാ ഭരണം പിടിച്ചെടുക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് യുഡിഎഫ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. മാണി സി കാപ്പൻ എംഎൽഎയുടെയും, കോൺഗ്രസ് കേരള കോൺഗ്രസ് പാർട്ടികളിലെ ജില്ലാ സംസ്ഥാന നേതാക്കളുടെയും മേൽനോട്ടത്തിലാണ് പ്രാഥമിക മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ യുഡിഎഫ് ഘടകകക്ഷികളായ പാർട്ടികൾ സ്വന്തം നിലയിൽ വാർഡ് കമ്മിറ്റികൾ കേന്ദ്രീകരിച്ചും, മേഖലകൾ തിരിഞ്ഞും കുടുംബയോഗങ്ങൾ ഉൾപ്പെടെ സംഘടിപ്പിച്ച മുന്നോട്ടു പോകുകയാണ്.

ഈ യോഗങ്ങളിലെ ജനപങ്കാളിത്തവും, നഗരസഭയിലെ ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ ആണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടികളിലും മുന്നണികളിലും മുൻപില്ലാത്ത വിധമുള്ള ഐക്യവും യുഡിഎഫിന് പ്രതീക്ഷ പകരുന്നുണ്ട്. യുഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ ആയ പ്രൊഫസർ സതീഷ് ചൊള്ളാനി തന്നെയാണ് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പദവി വഹിക്കുന്നത്. ഇത് മുന്നണി സംവിധാനത്തിന്റെ ഏകോപനം കൂടുതൽ സുഗമമാക്കുന്നു എന്നാണ് പ്രവർത്തക വികാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികളുടെ മണ്ഡലം നേതൃത്വങ്ങളും ഉത്സാഹത്തിലാണ്. മറ്റൊരു ഘടകകക്ഷിയായ ഡിസികെയുടെ പ്രവർത്തനങ്ങൾ മാണി സി കാപ്പൻ എംഎൽഎ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. പ്രാദേശികമായി സ്വാധീനവും ജനങ്ങൾക്കിടയിൽ സ്വീകാര്യതയും ഉള്ള സ്ഥാനാർത്ഥികളെ വിജയ സാധ്യത മാത്രം മാനദണ്ഡം നിശ്ചയിച്ച് ഓരോ വാർഡുകളിലും അവതരിപ്പിക്കുക എന്ന ധാരണയാണ് മുന്നണിക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. ഈ ലക്ഷ്യം മുന്നിൽ കണ്ടു തന്നെ പല വാർഡുകളിലും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്വാധീനശക്തിയുള്ള വ്യക്തികളുമായി അനൗപചാരിക കൂടിയാലോചനകളും നടന്നുകൊണ്ടിരിക്കുകയാണ്.

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മണ്ഡലത്തിലെ എംപിയും എംഎൽഎയും യുഡിഎഫ് പ്രതിനിധികളാണ് എന്നത് പ്രചാരണ രംഗത്ത് യുഡിഎഫിന് കൂടുതൽ കരുത്ത് പകരും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണ്ഡലത്തിൽ സുപരിചിതരായ തലയെടുപ്പുള്ള സംസ്ഥാന നേതാക്കളെ എത്തിക്കാനും യുഡിഎഫിന് സാധിക്കും. പാലാ നഗരസഭയിലെ ഭരണ സ്തംഭനവും, വികസന പ്രശ്നങ്ങളും, അധികാര തർക്കങ്ങളും, ആഴ്ചയിൽ ആഴ്ചയിൽ അധ്യക്ഷന്മാർ മാറി വരുന്നതുമെല്ലാം ജനങ്ങൾക്കിടയിൽ ഇപ്പോൾ തന്നെ വലിയ ചർച്ചയാണ്.

ഇടതുമുന്നണിയിൽ കൂട്ടയടി

പാലായിലെ ഇടതുമുന്നണിയിൽ സർവത്ര ആശയക്കുഴപ്പവും കൂട്ടയടിയും ആണ്. ആദ്യഘട്ടത്തിൽ ഇത് സിപിഎമ്മും കേരള കോൺഗ്രസും തമ്മിലായിരുന്നുവെങ്കിൽ ഇപ്പോൾ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത് കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിലാണ്. ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ മറ്റു കേരള കോൺഗ്രസ് അംഗങ്ങൾ ഒറ്റക്കെട്ടായിരുന്നു എങ്കിലും അടുത്ത തവണ നഗരസഭ ഭരണം ലഭിച്ചാൽ ആരൊക്കെ അധ്യക്ഷപദവിയിൽ എത്തണം എന്നതിനെ ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ പാർട്ടിക്കുള്ളിൽ ഇപ്പോഴും സജീവമാണ്.

മൂന്നും നാലും ടേമുകളായി ജനറൽ സീറ്റുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് സ്ഥിരമായി മത്സരിക്കുന്ന പല വനിതാ സ്ഥാനാർത്ഥികളും ഇത്തവണയും മത്സരരംഗത്ത് ഇറങ്ങാൻ നിർബന്ധ ബുദ്ധി പിടിക്കുന്നത് നഗരസഭ അധ്യക്ഷ പദവി ലക്ഷ്യമിട്ട് തന്നെയാണ്. എന്നാൽ ഇവരുടെയെല്ലാം വിജയസാധ്യതയെ കുറിച്ച് പാർട്ടിക്കുള്ളിൽ തന്നെ സംശയങ്ങൾ ഉയരുന്നുമുണ്ട്. വൈസ് ചെയർമാൻ പദവിയെ ചൊല്ലിയും കേരള കോൺഗ്രസിൽ തർക്കം ഉണ്ടാകുമെന്ന് ഉറപ്പാണ്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സിപിഎമ്മും കേരള കോൺഗ്രസും സിപിഐയും തമ്മിൽ ധാരണ ഉണ്ടാകുക അത്ര എളുപ്പമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക