പാലായിലെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിൽ റബർ കർഷകരുടെയും ആശാവർക്കർമാരുടെയും പ്രശ്നങ്ങൾ വിശദീകരിച്ച് യുഡിഎഫ് സംഘം. വലവൂർ ട്രിപ്പിൾ ഐടിയിൽ ബിരുദധാന ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുന്നിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, പാലാ എംഎൽഎ മാണി സി കാപ്പൻ, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് എന്നിവർ എത്തിയത്.

യുഡിഎഫ് എംപിയും എംഎൽഎമാരും ഉയർത്തിയ ആവശ്യങ്ങൾ
റബറിന് 250 രൂപ തറവില പ്രഖ്യാപിക്കണം: കേന്ദ്രസർക്കാർ ഇടപെട്ട് റബ്ബറിന് 250 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രിക്ക് മുന്നിൽ യു.ഡിഎഫ് എംപിയും എംഎൽഎമാരും ഉയർത്തി. ഇതിനായി ആയിരം കോടി രൂപ വകയിരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശാവർക്കർമാരുടെ വേതന കുടിശികയും വേതന വർദ്ധനവും: സംസ്ഥാനത്ത് ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിൻറെ പശ്ചാത്തലം കേന്ദ്രമന്ത്രിക്ക് മുന്നിൽ യുഡിഎഫ് പ്രതിനിധി സംഘം വിശദീകരിച്ചു. കേവലം 7000 രൂപയാണ് ആശാവർക്കർമാർക്ക് ശമ്പളം ലഭിക്കുന്നത് എന്നും കേരളത്തിലെ ജീവിത ചെലവുകൾ പരിഗണിച്ച് ഇത് വർദ്ധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
7000 രൂപ ശമ്പളം ഉള്ളത് മൂന്നുമാസമായി കുടിശ്ശികയാണെന്നും ഇതിന് കാരണമായി സംസ്ഥാന സർക്കാർ പറയുന്നത് കേന്ദ്രഫണ്ട് ലഭ്യമായിട്ടില്ല എന്നുമാണെന്നതും യുഡിഎഫ് ജനപ്രതിനിധികൾ കേന്ദ്ര മന്ത്രിയെ അറിയിച്ചു. എന്നാൽ കേന്ദ്രം നൽകാനുള്ള തുക പൂർണമായി നൽകി കഴിഞ്ഞതാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയും മറുപടി നൽകി. ജനപ്രതിനിധികൾ ഉയർത്തിയ വിഷയം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന ഉറപ്പും നൽകിയാണ് കേന്ദ്രമന്ത്രി ഇവരെ മടക്കി അയച്ചത്.

















