യാത്രക്കാരുടേയും പ്രദേശവാസികളുടേയും ഏറെ നാളത്തെ അഭിലാഷമായ കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴിക്ക് കളമൊരുങ്ങുന്നു. കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് പഠനം നടത്തും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കോട്ടയം എംപി കെ ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ദേശീയപാത 183 നേയും ദേശീയപാത 66 നേയും ബന്ധിപ്പിച്ചായിരിക്കും ഈ പാത വരിക. രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ഇടനാഴി എന്നറിയപ്പെടും. ദേശീയപാത 183 ല്‍ കോട്ടയം മുളങ്കുഴ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഇടനാഴി തൃപ്പൂണിത്തുറയില്‍ അങ്കമാലി കുണ്ടന്നൂര്‍ ബൈപാസില്‍ അവസാനിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.60 കിലോ മീറ്ററായിരിക്കും കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴിയുടെ നീളം.
കോട്ടയം, കാഞ്ഞിരം, കുമരകം, കവണാറ്റിന്‍കര, കൈപ്പുഴമുട്ട്, തലയാഴം, വല്ലകം, കാട്ടിക്കുന്ന്, പൂത്തോട്ട, നടക്കാവ് വഴി തൃപ്പൂണിത്തുറയിലേക്ക് പൂര്‍ണമായും പുതിയ റോഡാണ് പദ്ധതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാടശേഖരങ്ങളും മറ്റു തണ്ണീര്‍ത്തടങ്ങളും വരുന്ന സ്ഥലങ്ങലില്‍ ഉയരപ്പാത നിര്‍മിക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട എന്നിങ്ങനെ നാല് ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനമാകും എന്നാണ് വിലയിരുത്തുന്നത്. കോട്ടയത്ത് നിന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാനും ഇത് സഹായിക്കും. കേന്ദ്ര സംഘം ഉടന്‍ തന്നെ പഠനം ആരംഭിക്കും എന്നാണ് ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി എന്ന് ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.
അതേസമയം കോട്ടയം ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 183 ന്റ നവീകരണത്തിനായുള്ള പഠനവും ആരംഭിക്കും. ദേശീയപാത 183 ന്റെ ചെങ്ങന്നൂര്‍ – മുണ്ടക്കയം റീച്ച് നവീകരിക്കുന്നതിന് പുതിയ കണ്‍സല്‍റ്റന്‍സിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ പുതിയ ഏജന്‍സി പഠനം ആരംഭിക്കും എന്നാണ് വിവരം. മൂന്ന് റീച്ചുകളായിട്ടായിരിക്കും നിര്‍മാണം. ചെങ്ങന്നൂര്‍ – കോട്ടയം – ഐഡ ജംഗ്ഷന്‍, ഐഡ ജംഗ്ഷന്‍ – ചെങ്കല്‍പ്പള്ളി, ചെങ്കല്‍പ്പള്ളി – മുണ്ടക്കയം എന്നിങ്ങനെ മൂന്ന് റീച്ചുകളായിരിക്കും ഉണ്ടായിരിക്കുക. ആകെ 100 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും നവീകരണം. കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാത്തതിനാലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ നിയോഗിച്ച ഏജന്‍സിയെ പുറത്താക്കിയത്. തുടര്‍ന്ന് പുതിയ ഏജന്‍സിക്കായി കരാര്‍ ക്ഷണിച്ചക്കുകയായിരുന്നു.
എന്നാല്‍ ആകെ ഒരു ഏജന്‍സി മാത്രമാണ് ടെന്‍ഡറുമായി മുന്നോട്ട് വന്നത്. ഇവരെ തന്നെ കരാര്‍ ഏല്‍പ്പിക്കുകയായിരുന്നു. കോട്ടയം മുളങ്കുഴയില്‍ നിന്ന് പാമ്ബാടി മണ്ണാത്തിപ്പാറ വരെയുള്ള നിര്‍ദിഷ്ട ബൈപാസ് അടക്കമുള്ള വീണ്ടും പഠനവിധേയമാക്കും. പുതിയ കണ്‍സള്‍ട്ടന്‍സി നടത്തുന്ന പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയിട്ടുണ്ട്.













