കേരള കോണ്‍ഗ്രസ് (എം)നെ മുന്നില്‍ നിർത്തി എല്‍ഡിഎഫ് നടത്തിയ തന്ത്രങ്ങള്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള സ്വാധീനം ഇടതുപക്ഷത്തിന് കരുത്തായിരുന്നു. എന്നാല്‍, ശക്തമായ യുഡിഎഫ് തരംഗത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്കാലിടറുന്ന കാഴ്ച്ചയാണ് കോട്ടയത്തും ഇടുക്കിയിലും. കഴിഞ്ഞ തവണത്തെ തിളക്കം നഷ്ടമായതോടെ പാർട്ടിക്ക് ഇടത് മുന്നണിയിൽ വലിയ അവകാശവാദങ്ങള്‍ ഉയർത്താനും സാധിക്കില്ല.

കോട്ടയം ജില്ലയില്‍ ഇത്തവണ വർധിച്ച 88 വാർഡുകളില്‍ നാല്‍പതും കേരള കോണ്‍ഗ്രസിനാണ് സിപിഎം നല്‍കിയത്. 48 സീറ്റുകള്‍ കൂടുതലും നല്‍കി. പരമ്ബരാഗത കേരള കോണ്‍ഗ്രസ് (എം) മേഖലകളില്‍ പാർട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ ഇടതു സ്വതന്ത്രരെ നിർത്തുകയും ചെയ്തു. നിരാശയായിരുന്നു ഫലം. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ അഞ്ചു ഡിവിഷനുകളില്‍ കേരള കോണ്‍ഗ്രസ്(എം) വിജയിച്ചിരുന്നു. ഇത്തവണ ഇത് നാലായി കുറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വർഷം യുഡിഎഫില്‍ നിന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്വന്തമാക്കിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെയായിരുന്നു.തുടർന്ന് ഇ‌ടുക്കി നിയോജകമണ്ഡലത്തില്‍ നിന്ന് റോഷി അഗസ്റ്റിന് വമ്ബൻ വിജയം നല്‍കി ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം വീണ്ടും ശക്തി തെളിയിച്ചു. ഇത്തവണ ജില്ലാ പഞ്ചായത്തില്‍ 4 ഇടങ്ങളില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ശക്തി കേന്ദ്രമായ കട്ടപ്പന നഗരസഭയില്‍ ഭരണമാറ്റമെന്ന സ്വപ്നവും പൊലിഞ്ഞു.

അതേ സമയം യുഡിഎഫില്‍ പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ നാലു ഡിവിഷനുകളില്‍ വിജയിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ അഞ്ചിടത്ത് മത്സരിച്ച പാർട്ടി നാല് സീറ്റുകള്‍ സ്വന്തമാക്കി എന്നത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലും സീറ്റ് നില രണ്ടിൽനിന്ന് നാലായി വർദ്ധിപ്പിക്കുവാൻ ജോസഫ് ഗ്രൂപ്പിന് സാധിച്ചു. കുറവിലങ്ങാട് തൃക്കൊടിത്താനം കാഞ്ഞിരപ്പള്ളി കങ്ങഴ ഡിവിഷനുകളിലാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച ജോസഫ് ഗ്രൂപ്പ് പ്രതിനിധികൾ വിജയിച്ചു കയറിയത്.

മധ്യകേരളത്തിൽ ജോസ് കെ മാണിയുടെ പ്രസക്തി നഷ്ടപ്പെടുന്നത് ജോസഫ് വിഭാഗത്തിന്റെ ശക്തി വർധിപ്പിക്കുകയാണ്. കേരള കോൺഗ്രസ് പരമ്പരാഗത വോട്ടുകളെ യുഡിഎഫിലേക്ക് ആകർഷിക്കുവാൻ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. പി.ജെ ജോസഫ് എന്ന മുതിർന്ന നേതാവിന്റെ കീഴിൽ മകൻ അപു ജോസഫ് കൂടി നിലയുറപ്പിച്ചതോടെ ഇടുക്കി ജില്ലയിൽ ജോസഫ് ഗ്രൂപ്പ് നഷ്ടപ്രതാപം വീണ്ടെടുത്തു. കോട്ടയം ജില്ലയിൽ ജോസ് കെ മാണിക്ക് വെല്ലുവിളിയായി ജോസഫ് ഗ്രൂപ്പിന് വേണ്ടി നിലകൊള്ളുന്നത് കടുത്തുരുത്തി എംഎൽഎയും മികച്ച സംഘാടകനുമായ മോൻസ് ജോസഫ് ആണ്. മോൻസിന്റെ രാഷ്ട്രീയ നയതന്ത്രവും, സംഘടനാ മികവും, കോൺഗ്രസും ജോസഫ് ഗ്രൂപ്പും തമ്മിൽ അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി രൂപംകൊണ്ട മാനസിക ഐക്യവും കോട്ടയം ജില്ലയിലെ ഏറ്റവും തലയെടുപ്പുള്ള കേരള കോൺഗ്രസ് നേതാവ് എന്ന സ്ഥാനവും തദ്ദേശ തെരഞ്ഞെടുപ്പോടെ അദ്ദേഹത്തിന് നേടിക്കൊടുക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക