30 വര്‍ഷത്തോളം ജനപ്രതിനിധിയായ ആള്‍ നടത്തേണ്ട പരാമര്‍ശമല്ല പിസി ജോര്‍ജില്‍ നിന്നുണ്ടായത് എന്ന് പറഞ്ഞാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജോര്‍ജിന്റെ പൊളിറ്റിക്കല്‍ കരിയര്‍ പടുത്തുയർത്തിയീരിക്കുന്നത് തന്നെ ഇത്തരം വാവിട്ട വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയുമാണ്. ഇതിനിടയില്‍ പാര്‍ട്ടി മാറി, മുന്നണി മാറി മുന്നോട്ടു പോയി.

2016ൽ ഒരു മുന്നണീയുടെയും പിന്തുണയില്ലാതെയും പൂഞ്ഞാറില്‍ നിന്ന് നിയമസഭയില്‍ എത്തി പിസി കരുത്ത് തെളിയിച്ചു. അതിനെല്ലാം കൈമെയ് മറന്ന് ഒപ്പം നിന്നവരെ ഒടുക്കം പിണക്കി. അതോടെ പൂഞ്ഞാറും കൈവിട്ടു. പിന്നെ കണ്ടത് ഗതികെട്ട് ബിജെപി പാളയത്തില്‍ ചെന്നുകയറിയ ജോര്‍ജിനെയാണ്. അവിടെയും ഗതിയില്ലാതെ നില്‍ക്കെയാണ് ഈ അവസാനകാലത്ത് കാരാഗൃഹവാസം ഒരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി അംഗത്വം എടുക്കും മുന്‍പേ പുറത്തെടുത്തതാണ് ന്യൂനപക്ഷവിരുദ്ധ നിലപാട്. ബിജെപിയില്‍ എത്തിയതോടെ അത് രൂക്ഷമായി കടുത്ത മുസ്ലിം വിരുദ്ധനെന്ന പ്രതിഛായ തന്നെ എടുത്തണിഞ്ഞു. ഇതിന് ക്രിസംഘികളുടെ അകമഴിഞ്ഞ പിന്തുണയും കിട്ടിയതോടെ പൂര്‍വാധികം ഉഷാറായി. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ കിട്ടിയ ഒറ്റ ദിവസത്തെ ജയില്‍വാസം. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ വിദ്വേഷ പ്രസംഗക്കേസിലായിരുന്നു ഇത്.

എന്നാല്‍ ജോര്‍ജ് അവിടെ നിന്നൊന്നും പഠിച്ചില്ല. ജനുവരിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വീണ്ടും മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു.ഇപ്പോള്‍ മുഖ്യമന്ത്രി ശക്തമായ ഒരു തീരുമാനം എടുത്താല്‍ വീണ്ടും അകത്താകും. ബിജെപി പാളയത്തിലുള്ള ജോര്‍ജിനെതിരെ മുഖ്യമന്ത്രി ആ നീക്കം നടത്തുമോയെന്ന് ഉടനറിയാം. അതോ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം കൊടുക്കുമോ എന്നാണ് രാഷ്ട്രിയ കേരളവലും നിയമവൃത്തങ്ങളും ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി കൊടുത്ത മാസപ്പടി ഇടപാട് പൊക്കിയെടുത്തതും വിവിധ കോടതികളില്‍ കേസിനെ സജീവമാക്കി നിലനിര്‍ത്തുന്നതും പിസി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജാണ്. മകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയെന്ന ചിന്ത പിണറായി വിജയനുണ്ടായാല്‍ 73കാരനായ ജോര്‍ജിന്റെ അറസ്റ്റ് ഇന്നു തന്നെ നടക്കാം. അല്ലാത്തപക്ഷം മറ്റ് പലരുടെയും കാര്യത്തിലെന്ന പോലെ പ്രതിക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ സാകവാശം കൊടുക്കാം. അവിടെ നിന്നുണ്ടാകുന്ന തീരുമാനം പ്രകാരം തുടര്‍നടപടിയിലേക്ക് പോകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക