പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം പ്രതികള്‍ സിപിഎം-ഡിവൈഎഫ്‌ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു.
അതേസമയം, രാഷ്ട്രീയ സംഘർഷമല്ലെന്ന നിലപാടിലാണ് പൊലീസും ജിതിൻ്റെ കുടുംബവും.ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയില്‍ ഉണ്ടായ സംഘർഷത്തില്‍ സിഐടിയു പ്രവർത്തകനായ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞുവെച്ച് മർദിച്ചു. മുൻവൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അനന്തുവിനെ മർദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം ജിതിനെ വെട്ടി കൊലപ്പെടുത്തിയത്. ജിതിനും അനന്തുവിനും ഒപ്പമുണ്ടായിരുന്ന വിഷ്ണു എന്ന യുവാവിനും പരിക്കേറ്റു.
നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, മനീഷ്, ആരോമല്‍, മിഥുൻ, അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എല്ലാവരെയും പൊലീസ് പിടികൂടി.ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയ പകയെന്നാണ് ഉയരുന്ന ആരോപണം. പ്രതികള്‍ ബിജെപി-ആർഎസ്‌എസ് പ്രവർത്തകരാണെന്ന് സിപിഎം പറയുന്നു. കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ മറുപടി. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ജിതിന്റെ കുടുംബത്തിന്റെ പ്രതികരണം. രാഷ്ടീയ സംഘർഷമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും.

















