നായയും പൂച്ചയും തത്തയും പ്രാവും ആനയും പുലിയും കടുവയുമെല്ലാം കുട്ടികള്‍ക്ക് കൗതുകമാണ്. വീട്ടുപരിസരത്ത് കാണാനിടയില്ലാത്ത വന്യജീവികളെ കാണാനും കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുമായി അവധിദിവസങ്ങളിലും മറ്റും മൃഗശാലകള്‍ സന്ദർശിക്കുന്ന പതിവുണ്ട് നമുക്ക്.അത്തരത്തില്‍ മൃഗശാലയിലെത്തി കടുവയുടെ ‘പിടിയില്‍ പെട്ടുപോയ’ ഒരു കുട്ടിയുടെ ‘നിലവിളി’യുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഒരു ചെറിയ ആണ്‍കുട്ടിയാണ് വീഡിയോയിലെ ഹീറോ. അകലം കുറഞ്ഞ അഴികളുള്ള കൂട്ടില്‍ കിടക്കുന്ന കടുവയുടെ വായില്‍ കുടുങ്ങിയിരിക്കുകയാണ് ആ കുഞ്ഞിന്റെ കുപ്പായം. തന്റെ കുപ്പായം വിട്ടുതരാൻ ആവശ്യപ്പെടുകയാണ് കുട്ടി. പ്രവൃത്തിയില്‍നിന്ന് കുട്ടിയോട് കളിയിലേർപ്പെടുകയാണ് കടുവ എന്നാണ് കരുതേണ്ടത്, കാരണം ഒട്ടും അക്രമാസക്തമായല്ല കടുവയുടെ പെരുമാറ്റം. എന്നാല്‍ ഇതൊന്നുമല്ല വീഡിയോ കാണുന്നവരെ ആകർഷിക്കുന്നത്. കടുവയോടുള്ള കുട്ടിയുടെ സംഭാഷണമാണ്.
“എന്റെ കുപ്പായം വിടൂ, ഇല്ലെങ്കില്‍ അമ്മ ചീത്ത പറയും, വിടൂ, പ്ലീസ്…”,ഇതുതന്നെ ആവർത്തിച്ചുപറയുകയാണ് കുട്ടി. ഇതൊന്നും കേട്ട് ഒട്ടും ‘അലിവില്ലാതെ’ ഷർട്ട് കടിച്ചുവലിക്കുകയാണ് കടുവ. കൂടിന് പുറത്ത് ഇരുന്നും നിന്നും കടുവയുമായി ‘വടംവലി’ നടത്തുകയാണ് കുട്ടി. കടുവയാണെന്നോ കടുവയൊരു ഭീകരജീവിയാണെന്നോ ഉള്ള തരത്തിലുള്ള പ്രതികരണമല്ല കുട്ടിയുടേത്. ഒരു സുഹൃത്തിനോട് തന്നെ വിടൂവെന്ന് പറയുന്നത്ര ലളിതമായാണ് അവൻ അപേക്ഷിക്കുന്നത്.
എന്തായാലും വീഡിയോ കാഴ്ചക്കാരുടെ മനം കവർന്നിരിക്കുകയാണ്. ഇതെവിടെനിന്ന് പകർത്തിയതാണെന്നോ എപ്പോഴാണ് സംഭവമെന്നോ വീഡിയോയില്‍ വ്യക്തമല്ല. കുട്ടിയുടെ മുഖവും വീഡിയയോയില്‍ അവ്യക്തമാണ്. എന്തായാലും കുട്ടിയുടെ നിഷ്കളങ്കമായ പ്രതികരണം കാഴ്ചക്കാരെ ആകർഷിക്കുകയാണ്. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ വീഡിയോ പകർത്തിയതിനെ വിമർശിക്കുന്നവരും കുറവല്ല.

















