വൈദികന്‍റെ ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന് ഹൈകോടതി. വൈദികന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് കോട്ടയം സെന്‍റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എം.എ.സി.ടി കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് സി.പ്രദീപ്കുമാറിന്‍റെ ഉത്തരവ്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്ബനി നല്‍കിയ അപ്പീലാണ് കോടതി അനുവദിച്ചത്.2013 ഏപ്രില്‍ 16ന് ഇടുക്കി കട്ടപ്പനക്ക് സമീപം ബൈക്കില്‍ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.
തുടർന്ന് നഷ്ടപരിഹാരത്തിന് പ്രൊവിൻഷ്യാല്‍ ഫാ. മാത്യു പൈകട എം.എ.സി.ടിയെ സമീപിച്ചു. നഷ്ടപരിഹാരം വിധിച്ച സാഹചര്യത്തില്‍, ഇൻഷുറൻസ് കമ്ബനി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇൻഷുറൻസ് തുക അനുവദിക്കുന്നത് അടുത്ത ബന്ധുക്കള്‍ക്കാണെന്നും കേസില്‍ ഇടപെടാനുള്ള പ്രൊവിൻഷ്യലേറ്റിന് അവകാശമില്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം.
സുപ്രീം കോടതി വിധികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഈ വാദം ശരിവെച്ചു. സന്യസ്തർ മരണപ്പെട്ടാല്‍ ഇൻഷുറൻസ് തുക അവകാശപ്പെടുന്ന കാര്യത്തില്‍ അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭക്ക് ലഭ്യമാകില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്ബ് പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.

















