ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല.കണ്‍വെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകള്‍ വന്നിരുന്നു.
കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തില്‍ സതീശൻ പ്രസംഗിക്കുമെന്നായിരുന്നു റിപ്പോർട്ട്. ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നതായും സതീശനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ജോണി ടോം വർഗീസ് ഐഎഎസ്, ജഡ്ജി ഡോണി തോമസ് വർഗീസ്, അടൂർ-കടമ്ബനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം മെട്രൊപൊളിറ്റൻ, മിസൈല്‍ വനിത ഡോ. ടെസ്സി തോമസ് എന്നിവരാണ് മാർത്തോമാ സഭാപരമാദ്ധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത അംഗീകരിച്ച യുവവേദിയുടെ പട്ടികയിലുള്ളത്.
മാരാമണ്‍ കണ്‍വെൻഷന്റെ 130 വർഷത്തെ ചരിത്രത്തില്‍ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കന്മാരും ജനപ്രതിനിധികളും സംബന്ധിക്കാറുണ്ടെങ്കിലും പ്രസംഗിക്കാൻ അവസരം ലഭിക്കാറില്ല. അപൂർവമായിമാത്രമേ രാഷ്ട്രീയരംഗത്തുനിന്നുള്ളവർ പ്രസംഗിച്ചിട്ടുള്ളൂ. സുവിശേഷ യോഗങ്ങളായതിനാല്‍ ക്രൈസ്തവ വിഭാഗത്തിന് പുറത്തുള്ളവര്‍ പ്രസംഗിച്ചിട്ടുള്ളതും അപൂർവംതന്നെ.
1935ല്‍ എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം സി വി കുഞ്ഞിരാമൻ പ്രസംഗിച്ചിരുന്നു. തിരുവിതാംകൂറിലെ ജാതിസമ്ബ്രദായത്തില്‍ മനംനൊന്ത അദ്ദേഹം ഈഴവരുടെ കൂട്ടായ മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കണ്‍വെൻഷനില്‍ പങ്കിട്ടത് വലിയ ചലനം സൃഷ്ടിച്ചു.
ഇത്തരം സാമൂഹികസമ്മർദങ്ങളുടെകൂടി വെളിച്ചത്തിലായിരുന്നു പിറ്റേവർഷത്തെ ക്ഷേത്രപ്രവേശന വിളംബരം.1974ല്‍ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും പ്രസംഗിച്ചു. സഭകള്‍ കമ്മ്യൂണിസവുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്.
മുൻവർഷം ശശി തരൂർ കണ്‍വെൻഷന്റെ ഭാഗമായി നടന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചു. യുവജനങ്ങളുടെ കുടിയേറ്റമായിരുന്നു വിഷയം.മാരാമണ്‍ കണ്‍വെൻഷന്റെ ഭാഗമായി നടക്കുന്ന യുവജന സമ്മേളനത്തിലേക്കുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞതായി ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

















