കളിയാസ്വദിക്കാൻ ചെന്നാല്‍ അടിയുംകണ്ട് മടങ്ങാം. ഇതാണ് സെവൻസ് ഫുട്ബോള്‍ മത്സര മൈതാനത്തുള്ള അവസ്ഥ. കൈയാങ്കളി പതിവായതിന്റെ തലവേദനയിലാണ് സംഘാടകരും സെവൻസ് ഫുട്ബോള്‍ അസോസിയേഷൻ ഭാരവാഹികളും.പെരിന്തല്‍മണ്ണ കാദറലി സെവൻസ് ഫുട്ബോള്‍ ഫൈനലില്‍ ഒരു കളിക്കാരൻ മത്സരം നിയന്ത്രിച്ച റഫറിയെ മർദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തലങ്ങും വിലങ്ങും പ്രചരിക്കുകയാണ്. ഇതെന്തു കളിയെന്ന് കാണുന്നവർ ചോദിച്ചാല്‍ മറുപടി പറയാനാവാതെ സെവൻസ് ആരാധകർ വിയർക്കുകയാണ്.

കളി മുഴുമിപ്പിക്കാനാകാതെ ആംബുലൻസിലാണ് റഫറിയെ ആശുപത്രിയിലെത്തിച്ചത്. കളിക്കിടയില്‍ വീണുകിടന്ന താരത്തിന്റെ നെഞ്ചത്ത് ഒരു വിദേശതാരം ചവിട്ടിയ വാർത്തയും വീഡിയോയും ഏറെ ഞെട്ടലുണ്ടാക്കി. എടത്തനാട്ടുകരയിലെ ടൂർണമെന്റില്‍ റഫറിയെ കൈയേറ്റംചെയ്ത താരത്തെ കാണികളാണ് കൈകാര്യംചെയ്തത്. കളിക്കാർ തമ്മിലും കളിക്കാരും റഫറിയും തമ്മിലും കളിക്കാരും കാണികളും തമ്മിലുള്ള വാക്കേറ്റവും മർദനവും തുടർക്കഥയാണ്. ഇതിനെതിരേ എന്തൊക്കെ നടപടിയുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുവപ്പൻ നിയമം

സാധാരണ ഫുട്ബോള്‍ മത്സരങ്ങളില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ചുവപ്പ് കാർഡ് ലഭിച്ച്‌ കളിക്കാരൻ പുറത്തായാല്‍ പകരക്കാരനെ നിയമിക്കാൻ നിയമമില്ല. സെവൻസില്‍ ഇതു ബാധകമല്ലാത്തതാണ് അടിപിടിയുടെ പ്രധാന കാരണം. ചുവപ്പ് കാർഡ് ലഭിച്ച്‌ ഒരു താരം കയറിയാല്‍ മറ്റൊരാളെ ഇറക്കാൻ കഴിയും. അതുകൊണ്ടു അച്ചടക്ക നടപടി താരസമ്ബന്നമായ ടീമിനെ ബാധിക്കുന്നേയില്ല. ഇതൊരുതരത്തില്‍ അച്ചടക്കലംഘനത്തിനുള്ള ലൈസൻസ് കൂടിയായി മാറുന്നു. നീ ധൈര്യമായി പെരുമാറിക്കോ, കൂടെ ഞാനുണ്ട് എന്ന ചില മാനേജർമാരുടെ വാക്കുകള്‍ പലർക്കും ധൈര്യമാകുന്നു.

കളിയിലുടനീളം താരങ്ങള്‍ക്കു പരുക്കൻ സ്വഭാവമാണ്. എല്ലാവരും അങ്ങനെയാണെന്ന് തെറ്റിധരിക്കുകയുംവേണ്ട. കളിയുടെ മാന്യത നിലനിർത്തുന്ന ധാരാളംപേരും ഇക്കൂട്ടത്തിലുണ്ട്. ശരാശരി 3000 രൂപ മുതലാണ് ഒരു ജൂനിയർ താരത്തിനു ലഭിക്കുന്ന വരുമാനം. ഉയർന്ന പ്രതിഫലമുള്ളതിനാല്‍ സന്തോഷ് ട്രോഫി, സൂപ്പർ ലീഗ് കേരള താരങ്ങളും സെവൻസിന് ബൂട്ട് കെട്ടാറുണ്ട്. അപകടകരമായ കളി പലരുടെയും കരിയർ ഇല്ലാതാക്കിയിട്ടുമുണ്ട്.

നിയമം തിരുത്തി

റഫറിയെ മർദിച്ചാല്‍ കളിക്കാരനു 10 മത്സരങ്ങളില്‍ വിലക്കായിരുന്നു നേരത്തെയുള്ള സെവൻസ് നിയമം. പിന്നീട് ഇതില്‍ വെള്ളം ചേർത്തു. ഇപ്പോള്‍ അക്രമത്തിന്റെ സ്വഭാവമനുസരിച്ച്‌ മൂന്നു മുതല്‍ അഞ്ചുവരെയുള്ള കളികളിലാണ് വിലക്ക്. കളിക്കാരെ കിട്ടാതാകും എന്ന ക്ലബ്ബുകളുടെ സങ്കടമാണ് തീരുമാനം തിരുത്താനുണ്ടായ കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക