
ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ).മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പലഘട്ടങ്ങളിലായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ വിവിധ ആദിവാസി വിഭാഗങ്ങളെ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ ‘ഘര്‍വാപസി’ നടത്തിയില്ലായിരുന്നെങ്കില്‍ അവര്‍ ദേശവിരുദ്ധരായി മാറുമായിരുന്നുവെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ആര്‍എസ്‌എസ് മേധാവിയുടെ വിവാദ പ്രസ്താവന. ഇന്‍ഡോറിലെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്.
പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ ആര്‍എസ്‌എസ് മേധാവി ഇതു പറയാതെ ഇപ്പോള്‍ പറയുന്നത് സംശയകരവും നിക്ഷിപ്ത താല്‍പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.അഹിംസയില്‍ വിശ്വസിക്കുന്ന, സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ, മൂന്നുതവണ നിരോധിക്കപ്പെട്ട സംഘടന ദേശദ്രോഹികളെന്ന് വിളിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
വിഎച്ച്‌പിയുടെയും സമാന സംഘടനകളുടെയും അക്രമാസക്തമായ ഘര്‍വാപസി പരിപാടിയെ വെള്ളപൂശാനുള്ള ഗൂഢശ്രമമാണ് ഭാഗവതിന്റെ വിവാദ പ്രസ്താവന. പൈശാചികവും ദുഷ്ടവുമായ ഉദ്ദേശ്യത്തോടെയാണിത്. അന്തരിച്ച മുന്‍ രാഷ്ട്രപതിയുടെ പേരില്‍ വ്യക്തിഗത സംഭാഷണം ഉദ്ധരിക്കുന്നതുതന്നെ ഗുരുതരമാണ്. പ്രണബിന്റെ സംഭാഷണം അങ്ങനെയാണെന്നു വിശ്വസിക്കുന്നില്ലെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റോഡ്രിക്‌സ് വിശദീകരിച്ചു.
കാലങ്ങളായി വിവേചനവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടും വെട്ടിച്ചുരുക്കാനുള്ള ആര്‍എസ്‌എസിന്റെ ഗൂഢശ്രമങ്ങള്‍ ആശങ്കാജനകമെന്നും സിബിസിഐയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.