രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ് ആർഎസ്‌എസ് അധ്യക്ഷന്‍റെ പരാമർശങ്ങളില്‍ തെളിയുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പാത മോദിയും പിന്തുടരുമോയെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ചോദ്യം.

നാഗ്പുരിലെ ഒരു പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു തന്‍റെ വിരമിക്കലിലടക്കം സൂചന നല്‍കിയുള്ള മോഹൻ ഭാഗവതിന്‍റെ പ്രസ്താവന. 75 വയസ് പൂർത്തിയാകുന്നത് തന്‍റെ ചുമതല നിർത്തി മറ്റുള്ളവർക്ക് അവസരം നല്‍കുന്നതിനുള്ള പ്രകൃതിയുടെ സൂചനയാണെന്നായിരുന്നു ഈ വർഷം 75 തികയുന്ന ഭാഗവതിന്‍റെ പരാമർശം. പരാമർശം ചർച്ചയായതിനു പിന്നാലെ പ്രതിപക്ഷം ഭാഗവതിന്‍റെ വാക്കുകള്‍ മോദിയിലേക്കും തിരിച്ചുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വർഷം സെപറ്റംബർ 17ന് മോദിക്ക് 75 വയസ് തികയുമെന്ന് ആർഎസ്‌എസ് അധ്യക്ഷൻ ഓർമിപ്പിച്ചെന്നും എന്നാല്‍ ഈ വർഷം സെപ്റ്റംബർ 11ന് അദ്ദേഹത്തിനും 75 തികയുമെന്ന കാര്യം മോദിക്കും തിരിച്ചുപറയാമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചു. മുതിർന്ന നേതാക്കളായ എല്‍.കെ. അദ്വാനിയെയും ജസ്വന്ത് സിംഗിനെയും മുരളി മനോഹർ ജോഷിയെയും മോദി വിരമിക്കാൻ നിർബന്ധിച്ചെന്നും അദ്ദേഹവും അതേ നിലവാരം പിന്തുടരുമോയെന്നു നോക്കാമെന്നും ശിവസേന (ഉദ്ധവ്) വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. നിങ്ങള്‍ അനുഷ്ഠിക്കാത്ത കാര്യം പ്രസംഗിച്ചു നടക്കുന്നത് അപകടകരമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുടെ പ്രതികരണം.

എന്നാല്‍, മോദി 75 വയസാകുന്പോള്‍ വിരമിക്കുമെന്ന വാർത്തകള്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മുന്പ് തള്ളിയിട്ടുണ്ട്. മോദി 2029 വരെ പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്നും ബിജെപി ഭരണഘടനയില്‍ വിരമിക്കല്‍ വ്യവസ്ഥ ഇല്ലെന്നുമായിരുന്നു അമിത് ഷാ 2023ല്‍ പറഞ്ഞിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക