തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ഹണി റോസ് പരാതി നല്‍കിയതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വർ.ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാല്‍ വിചാരണ കൂടാതെ ജയിലില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഹണി റോസ് നല്‍കിയ പരാതിയിന്മേലുള്ള കേസ് താൻ സ്വയം വാദിക്കുമെന്നും ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിന് വിധേയയാക്കണമെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു.
തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ രംഗത്തെത്തിയത്.തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ രാഹുല്‍ ഈശ്വർ ഈ ആരോപണം നിഷേധിച്ചു. ‘ഹണി റോസിനെ ഒരു വരിയിലൂടെയോ ഒരു വാക്കിലൂടെയോ അധിക്ഷേപിക്കുകയോ ലൈംഗികാധിക്ഷേപം നടത്തുകയോ ഞാൻ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ വിചാരണ കൂടാതെ ജയിലിലടണം. ഞാൻ മറുവാദം പോലും പറയില്ല. ഹണി റോസ് വിമർശനത്തിന് അതീതയല്ല. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 19-ാം അനുച്ഛേദത്തില്‍ ഡീസൻസിയും മൊറാലിറ്റിയും റീസണബിള്‍ റെസ്ട്രിക്ഷനുകളാണ്. ആ ഡീസൻസി എന്ന വാദഗതി ഹണി റോസിന് ബാധകമാകണം എന്നല്ലേ ഞാൻ പറഞ്ഞത്? ഹണി റോസിനെ ഞാൻ മോശമാക്കി പറയുന്ന എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ എന്നെ വിചാരണ കൂടാതെ ജയിലിലിടണം.’ -രാഹുല്‍ ഈശ്വർ പറഞ്ഞു.
‘ഞാനൊരു അഭിഭാഷകനാണ്. എന്റെ കേസ് ഞാൻ തന്നെ വാദിക്കും. രാമൻ പിള്ള സാറിനെയോ മുകുള്‍ റോത്തഗിയെയോ വെക്കാനുള്ള കാശ് എന്റെ കയ്യിലില്ല. ഹണി റോസ് കേസിന് പോകുന്നത് അവരുടെ സ്വാതന്ത്ര്യമാണ്.’