കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി കളക്ഷൻ നേടി. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുന്തൂണായി നില്‍ക്കുന്നത് മമ്മൂട്ടിയും മോഹൻലാലുമാണ്. കഴിഞ്ഞ 24 വർഷത്തെ ബോക്‌സോഫീസ് കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
2000ത്തിന് ശേഷം ഇറങ്ങിയ മലയാള സിനിമകളില്‍ ഓരോ വർഷവും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2000 മുതൽ 2024 വരെയുള്ള 24 വർഷത്തെ കണക്കാണിത്. മമ്മൂട്ടിയും മോഹൻലാലുമാണ് ഇതില്‍ ഏറ്റവും മുൻപന്തിയില്‍ എന്ന് കാണാനാകും. വിവിധ കണക്കുകളെ അധികരിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈൻ ആണ് ഇത് സംബന്ധിച്ച ഡാറ്റ പങ്ക് വെച്ചിരിക്കുന്നത്.
2000 ത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയത് മോഹൻലാലിന്റെ നരസിംഹമാണ്. ആ വർഷം ഗ്രോസ് കളക്ഷനില്‍ 21 കോടി രൂപയാണ് നരസിംഹം നേടിയത്. 2001 ല്‍ രാവണപ്രഭുവിലൂടെ വീണ്ടും മോഹൻലാല്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി. ചിത്രം 17 കോടിയാണ് ആ വർഷം കളക്‌ട് ചെയ്തത്. ദിലീപ് – ലാല്‍ ജോസ് കൂട്ടുകെട്ടിലിറങ്ങിയ മീശമാധവനാണ് 2002 ലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 19 കോടി രൂപയായിരുന്നു മീശമാധവന്റെ കളക്ഷൻ. 2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടനിലൂടെ ( 14 കോടി ) മോഹൻലാല്‍ വീണ്ടും ഇയർ ടോപ്പറായി.
2004 ല്‍ ആണ് ഒരു മമ്മൂട്ടി ചിത്രം 21-ാം നൂറ്റാണ്ടില്‍ ആദ്യമായി ഇയർ ടോപ്പറാകുന്നത്. സേതുരാമയ്യർ സിബിഐ 14 കോടി രൂപയാണ് ആ വർഷം നേടിയത്. 2005 ല്‍ രാജമാണിക്യം 25 കോടി രൂപ നേടിയതോടെ ആ വർഷവും മമ്മൂട്ടി തന്നെ ഒന്നാമത്. 2006 ല്‍ ക്ലാസ്‌മേറ്റ്‌സിലൂടെ പൃഥ്വിരാജ് ബോക്‌സോഫീസ് കളക്ഷൻ പട്ടികയില്‍ ഇടം നേടി. 24 കോടിയാണ് ഈ ചിത്രം കളക്‌ട് ചെയ്തത്. 2007 ല്‍ മായാവി 15 കോടി നേടിയപ്പോള്‍ മമ്മൂട്ടി വീണ്ടും ലിസ്റ്റില്‍ ഇടം നേടി.
മലയാള സിനിമയിലെ ചരിത്ര സംഭവങ്ങളിലൊന്നായി ട്വന്റി 20 2008 ല്‍ ആയിരുന്നു റിലീസ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ആ ചിത്രം 2008 ല്‍ 33 കോടി രൂപയാണ് കളക്‌ട് ചെയ്തത്. 2009 ലും 2010 ലും ഇയർ ടോപ്പർ പദവി മമ്മൂട്ടിക്ക് തന്നെയായിരുന്നു. കേരള വർമ്മ പഴശ്ശിരാജ (15 കോടി), പോക്കിരിരാജ ( 16.5 കോടി ) എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ഈ നേട്ടം. 2011 ല്‍ മോഹൻലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവർ അണിനിരന്ന ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് 28 കോടി നേടി ആ വർഷത്തെ കളക്ഷനില്‍ ഒന്നാമത് എത്തി.
2012 ല്‍ മായാമോഹിനിയിലൂടെ ദിലീപ് പത്ത് വർഷത്തിന് ശേഷം വീണ്ടും ഇയർ ടോപ്പറായി. മായാമോഹിനി നേടിയത് 22 കോടിയായിരുന്നു. 2013 ല്‍ ആണ് മലയാള സിനിമയുടെ കളക്ഷൻ റെക്കോഡുകള്‍ എല്ലാം തിരുത്തി കുറിച്ച ദൃശ്യം വന്നത്. ആദ്യമായി 50 കോടി കളക്‌ട് ചെയ്യുന്ന ചിത്രമായി ദൃശ്യം മാറി. 2014 ല്‍ ദുല്‍ഖർ നിവിൻ പോളി, ഫഹദ് ചിത്രം ബാംഗ്ലൂർ ഡേയ്‌സ് 45 കോടി രൂപ നേടി കളക്ഷനില്‍ ഒന്നാമതെത്തി. 2015 ല്‍ പ്രേമത്തിലൂടെ നിവിൻ പോളി ഇയർ ടോപ്പറായി. പ്രേമം 60 കോടി കളക്ഷനാണ് നേടിയത്.
മലയാള സിനിമ ആദ്യമായി 100 കോടി എന്ന ക്ലബില്‍ കയറിയ വർഷമായിരുന്നു 2016. മോഹൻലാലിന്റെ പുലിമുരുകൻ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 2017 ല്‍ രാമലീലയിലൂടെ ദിലീപ് വീണ്ടും ഇയർ ടോപ്പറായി. 50 കോടിയാണ് ചിത്രം നേടിയത്. 2018 ല്‍ നിവിൻ പോളി നായകവേഷത്തിലെത്തിയ കായംകുളം കൊച്ചുണ്ണി 72 കോടി നേടി ആ വർഷം ഒന്നാമത് എത്തി. 2019 ല്‍ ബോക്‌സോഫീസ് കളക്ഷനില്‍ അടുത്ത ബെഞ്ച് മാർക്ക് തൊട്ടു. 150 കോടിയില്‍ എത്തിയത് മോഹൻലാലിന്റെ ലൂസിഫർ.
2020 ല്‍ 50 കോടി കളക്ഷൻ നേടിയ കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര ആ വർഷം ഒന്നാമത് എത്തി. 2021 ല്‍ ദുല്‍ഖർ സല്‍മാന്റെ കുറുപ്പ് 81 കോടി രൂപ നേടി ഒന്നാമതായി. 2022 ല്‍ ഭീഷ്മപർവത്തിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമത് എത്തി. 80 കോടിയോളമാണ് ചിത്രം കളക്‌ട് ചെയ്തത്. 2023 ല്‍ കേരളം നേരിട്ട പ്രളയത്തിന്റെ കഥപറഞ്ഞ 2018 ആണ് ഒന്നാമത് എത്തി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരന്ന ചിത്രം 175 കോടിയിലേറെ നേടി.
2024 ല്‍ മഞ്ഞുമ്മല്‍ ബോയ്‌സാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 240 കോടിയിലേറെ കളക്‌ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും പണംവാരി പടം എന്ന നേട്ടവും സ്വന്തമാക്കി. മോഹൻലാലിന്റെ ഏഴ് വർഷം ഇയർ ടോപ്പറായപ്പോള്‍ മമ്മൂട്ടി ആറ് വർഷം ഇയർ ടോപ്പറായി എന്ന് കാണാൻ പറ്റും.