അണ്ണാ യൂണിവേഴ്സിറ്റി കാംപസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പിടിയിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കള്‍ക്കുമൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങള്‍ അണ്ണാമലൈ പുറത്തുവിട്ടു. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളില്‍ യാതൊരു പൊലീസ് നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്. ഡിഎംകെ പ്രവർത്തകനായതിനാല്‍ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും അടിച്ചമർത്തപ്പെടുകയാണ്. പൊലീസിന്റെ നിരീക്ഷണ ലിസ്റ്റില്‍ പോലും ഇയാളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിഎംകെയുടെ മന്ത്രിമാരുടെയും പ്രാദേശിക നേതാക്കളുടെയും സമ്മർദം മൂലമാണ് കേസുകളില്‍ അന്വേഷണം നടക്കാത്തത്. ഇത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഇനിയെങ്കിലും തയ്യാറാകുമോയെന്നും അണ്ണാമലൈ ചോദിച്ചു.
23ന് വൈകിട്ടാണ് അണ്ണാ സർവ്വകലാശാല കാംപസിനുള്ളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത് ആണ്‍ സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് കാംപസില്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേതാവിനൊപ്പമുള്ള പ്രതിയുടെ ഫോട്ടോ കാട്ടി പാർട്ടിക്ക് മേല്‍ കുറ്റം ആരോപിക്കാനാകില്ലെന്ന് ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഎംകെ സർക്കാരിന്റെ നീതിനിർവഹണത്തില്‍ നിന്ന് പ്രതിക്ക് രക്ഷപ്പെടാനാകില്ല. ആരു കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും. ഡിഎംകെയെ രാഷ്ട്രീയമായി തകർക്കാൻ കഴിയാത്തവർ ക്രമസമാധാനം തകർന്നുവെന്ന വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















