വിവിധ സര്‍ക്കാര്‍ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന മുഖ്യപ്രതിയായ യുവതി ഒടുവില്‍ ചെങ്ങന്നൂർ പോലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂ‍ർ താലൂക്കിലെ പുലിയൂർ സുജിത ഭവനില്‍ മനോജ് കുമാറിന്‍റെ ഭാര്യ സുജിത സുരേഷ് (39) ആണ് അറസ്റ്റിലായത്. വ്യാജ നിർമിത പിഎസ്‌സി റാങ്ക് ലിസ്റ്റ് അടക്കം വിവിധ രേഖകള്‍ കാണിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചതെന്ന് പലരും പരാതിയില്‍ പറയുന്നു.

നിലവില്‍ താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിക്കാൻ സ്വയം നിർമിച്ച വ്യാജസർവീസ് ഐഡി കാർഡും ഇവർ ഉദ്യോഗാർഥികളുടെ മുമ്ബില്‍ പ്രദർശിപ്പിച്ചിരുന്നു. മാന്നാര്‍ ബുധനൂ‍ർ സ്വദേശിയായ യുവതിക്ക് ആയുര്‍വേദ ആശുപത്രിയിലോ, കേരള വാട്ടർ അഥോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 2023 ഫെബ്രുവരിയില്‍ നാലേകാല്‍ ലക്ഷം രൂപ വാങ്ങിയെടുത്തശേഷം നാളിതുവരെ പണം തിരികെ കൊടുക്കുകയോ ജോലി നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചതിന് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ഇപ്പോള്‍ അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും പണം കൊടുത്താണ് ജോലിയില്‍ കയറിയതെന്നും പ്രതി കേസിലെ ആവലാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. വിശ്വാസം ഉറപ്പിക്കാൻ വ്യാജനിർമിത രേഖകളും കാണിച്ചു. പുലിയൂര്‍ സ്വദേശിയായ മറ്റൊരു യുവതിയുള്‍പ്പെടെ മറ്റ് നിരവധി പേരെ സമാന രീതിയില്‍ വഞ്ചിച്ചതിന് പ്രതിക്കെതിരേ ചെങ്ങന്നൂർ, വെണ്മണി പോലീസ് സ്റ്റേഷനുകളിലായി മറ്റു കേസുകളും നിലവിലുണ്ട്.

തൊഴില്‍ വാഗ്ദാനത്തിനുപുറമേ താൻ ചെങ്ങന്നൂരിലെ ഒരു കെട്ടിട നി‍ർമാണക്കമ്ബനിയുടെയും സ്വകാര്യ സാമ്ബത്തിക ഇടപാട് സ്ഥാപനത്തിന്‍റെയും പാര്‍ട്ണർ ആണെന്നും കമ്ബനിയില്‍ പണം നിക്ഷേപിച്ചാല്‍ ഷെയർ വിഹിതം ഉള്‍പ്പെടെ കൂടുതല്‍ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലരില്‍ നിന്നായി ലക്ഷങ്ങളുടെ തുക തട്ടിപ്പു നടത്തിയ പേരില്‍ മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരേയുണ്ട്.

ഇങ്ങനെ കബളിപ്പിക്കപ്പെട്ട ഏതാനും പേരുടെ കേസുകള്‍ ഇപ്പോള്‍ കോടതികളുടെ മുമ്ബാകെയുമുണ്ട്. ഇതിനുപുറമേ നിരവധി ചെക്കു കേസുകളും പ്രതിക്കെതിരായുണ്ടെന്നും പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാ‍റിന്‍റെ നി‍ർദേശാനുസരണം ചെങ്ങന്നൂര്‍ എസ്‌എച്ച്‌ഒ എ.സി. വിപിന്‍റെ നേതൃത്വത്തില്‍ എസഐമാരായ മധുകുമാര്‍, ഗീതു, നിധിന്‍ രാജ്, സീനിയ‍ർ സിപിഒ ഹരികുമാര്‍, സിപിഒമാരായ കണ്ണൻ, ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. അതേസമയം, കുറ്റകൃത്യത്തില്‍ യുവതിക്കൊപ്പം മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ഭർത്താവിനു പുറമേ ചെങ്ങന്നൂരിലെ ഒരു ബിസിനസുകാരനും ഉള്‍പ്പെടെ ചിലരുടെ പേരുകള്‍ പരാതിക്കാരില്‍ ചിലർ തന്നെ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് തയാറായിട്ടില്ല. പ്രതിയെ സഹായിച്ചവരുടെ കൂട്ടത്തില്‍ ഒരു മുതിർന്ന പോലീസുകാരന്‍റെ പേരും പറഞ്ഞു കേള്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക