മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം 20-25 മിനിറ്റോളം അദ്ദേഹം അവരുമായി ഇടപഴകുകയും സംഭവത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കുകയും അവർക്ക് ആശ്വാസവും പിന്തുണയും നൽകുകയും ചെയ്തു.
“പർഭാനിയിൽ മർദനമേറ്റ് പരിക്കേറ്റ കുടുംബത്തെയും മറ്റുള്ളവരെയും ഞാൻ കണ്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വീഡിയോകളും ഫോട്ടോഗ്രാഫുകളും അവർ എന്നെ കാണിച്ചു. ഇതൊരു കസ്റ്റഡി മരണമാണെന്നതിൽ സംശയമില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. “ഈ വിഷയം ഉടൻ പരിഹരിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഇതുവരെയുള്ള അന്വേഷണത്തിൽ പൂർണ അതൃപ്തിയുണ്ട്,” അദ്ദേഹം പറഞ്ഞു.















