കൊഴിഞ്ഞാംപാറയ്ക്കു പിന്നാലെ ഏരിയ സമ്മേളനത്തിനിടെ കുഴല്‍മന്ദത്തും സി പി എമ്മില്‍ പൊട്ടിത്തെറി. പാലക്കാട് തേങ്കുറിശ്ശിയില്‍ സിപിഎമ്മില്‍ കുഴല്‍മന്ദം മുൻ ഏരിയാ കമ്മറ്റി അംഗം വിജയൻ ഉള്‍പ്പെടെ 4 പേർ കൂട്ട രാജി വച്ചു.ഇവർ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി വിടുന്നവർക്ക് സ്വീകരണം നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
സി പി എം കുഴല്‍മന്ദം ഏരിയ സമ്മേളനം നടക്കുന്നതിനിടെയാണ് മുൻ ഭാരവാഹികളുടെ പാർട്ടി വിടല്‍. കുഴല്‍മന്ദം മുൻ ഏരിയ കമ്മിറ്റി അംഗവും മഞ്ഞളൂ൪ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന എം വിജയന്‍റെ നേതൃത്വത്തിലാണ് നാല് നേതാക്കള്‍ പാർട്ടിവിടുന്നത്. മഞ്ഞളൂ൪ ലോക്കല്‍ കമ്മിറ്റി മുൻ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി. വിജയൻ, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ബി. രാഹുല്‍, സതീഷ് കുമാ൪ എന്നിവരാണ് പാ൪ട്ടിവിടുന്നത്.
2019 ല്‍ പാർട്ടി ഏരിയ സമ്മേളനത്തില്‍ വിജയനെ ഉള്‍പ്പെടുത്തിയില്ല. ഇതിനു പിന്നാലെ പാർട്ടി നിയന്ത്രണത്തിലുള്ള പാല്‍ സൊസൈറ്റിയിലെ ക്രമക്കേട് ആരോപണവും വന്നു. ഇക്കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലും ഉള്‍പ്പെടുത്താതെ വന്നതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നാളെ തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ ഇവർക്ക് അംഗത്വം നല്‍കും. അതേ സമയം വിജയനൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച സി പി എം പടിഞ്ഞാറെ വെട്ടുകാട് ബ്രാഞ്ച് കമ്മറ്റിയംഗം എം. ലെനിൻ ബി ജെ പിയില്‍ ചേർന്നു. നാളെ സ്വീകരണം ഒരുക്കാൻ കോണ്‍ഗ്രസ് സ്ഥപിച്ച ഫ്ളക്ലസ് ബോർഡുകളിലും ലെനിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയായിരുന്നു ചുവടുമാറ്റം.

















