തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘർഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേർ പിടിയില്‍. കഴക്കൂട്ടത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടല്‍.
സംഭവത്തില്‍ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു. സാജന്റെ മകൻ ഡാനി ഹോട്ടലില്‍ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വക്കേറ്റമുണ്ടാവുകയായിരുന്നു. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തിലേക്കെത്തി.
ഡാനി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വർഷങ്ങള്‍ക്ക് മുൻപ് പിരിഞ്ഞു. പിന്നീട് ഇവർ തമ്മില്‍ പലതവണ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.
മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഫോർട്ട് പോലീസ് പറഞ്ഞു. ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതിനുശേഷം ശനിയാഴ്ച ഓംപ്രകാശും സംഘവും ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിലും എത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചിട്ടാണ് ഇവർ മടങ്ങിയത്.

















