ഡല്‍ഹിയില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വിവേചനവുമായി ബിജെപി കൗണ്‍സിലർ. ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഷയത്തില്‍ ഡല്‍ഹി പോലീസ് നടപടിയെടുക്കുന്നില്ല എന്ന് സിപിഎം പ്രതികരിച്ചു.
തങ്ങളുടെ ട്ടിറ്റർ ഹാൻഡിലിലൂടെയാണ് രവീന്ദർ സിംഗ് നെഗിയുടെ വിഡിയോ സിപിഎം പുറത്തുവിട്ടത്. തെരുവ് കച്ചവടക്കാർക്കിടയിലൂടെ നടക്കുന്ന ഇയാള്‍ ഓരോരുത്തരോടും പേര് ചോദിക്കുന്നുണ്ട്. പേര് പറയുന്നത് മുസ്ലിങ്ങളാണെങ്കില്‍ ആ പേര് സ്റ്റാളിന് മുന്നില്‍ എഴുതിവെക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയാണ്. ഹിന്ദു കച്ചവടക്കാർക്ക് ഒരു കാവിക്കൊടി നല്‍കി ഇത് സ്റ്റാളില്‍ കുത്തിനിർത്തണം, എങ്കിലേ ഹിന്ദു ആണെന്ന് സാധനം വാങ്ങാൻ വരുന്നവർ അറിയൂ എന്നും ഇയാള്‍ പറയുന്നു.
മറ്റ് സമുദായം ഭക്ഷണത്തില്‍ മായം കലർത്തുമെന്ന് ഇയാള്‍ ഒപ്പമുള്ളവരോറ്റ് പറയുന്നത് വിഡിയോയില്‍ കാണാം. കാവിക്കൊടി വച്ചാല്‍ ആളുകള്‍ക്ക് മുസ്ലിം കടക്കാർ ആരാണെന്ന് മനസിലാക്കാനാവുമെന്നും ഇയാള്‍ പറയുന്നുണ്ട്. പേര് എഴുതിയിട്ടുണ്ടെന്ന് ഒരു മുസ്ലിം കച്ചവടക്കാരൻ പറയുമ്ബോള്‍ എല്ലാവർക്കും കാണാവുന്ന തരത്തില്‍ മുൻവശത്ത് തന്നെ എഴുതണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ രവീന്ദർ സിംഗ് നെഗിയുടെ പല വിഡിയോകള്‍ ആള്‍ട്ട്ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറും പങ്കുവച്ചു. ഇത്തരത്തിലുള്ള വിഡിയോകള്‍ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. വിഡിയോ പുറത്തുവന്നതോടെ രവീന്ദർ സിംഗ് നെഗിയ്ക്കെതിരെ വിമർശനങ്ങളുയരുകയാണ്. ഒരു മതവിഭാഗത്തിനെതിരെ ഇങ്ങനെ ചെയ്യുന്നത് രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് യോജിച്ചതല്ല എന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തുന്നു. മോദി കാ പരിവാർ എന്നാണ് ഇയാള്‍ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ കുറിച്ചിരിക്കുന്നത്. പത്പർഗഞ്ജിനെ മികച്ചതാക്കാനാണ് ശ്രമം എന്നും ഇയാള്‍ ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ കുറിച്ചിട്ടുണ്ട്.
2020 തിരഞ്ഞെടുപ്പില്‍ പത്പർഗഞ്ജില്‍ നിന്ന് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ ആണ് ഇവിടെനിന്ന് വിജയിച്ചത്. സിസോദിയക്ക് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 49.33 ശതമാനം ലഭിച്ചപ്പോള്‍ നെഗിയ്ക്ക് 47.07 ശതമാനം വോട്ട് ലഭിച്ചു. നേരിയ വോട്ടുകൾക്കാണ് നെഗി ഇവിടെ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ വീണ്ടും നെഗിയ്ക്ക് മത്സരിക്കാൻ അവസരം നല്‍കുമെന്നുറപ്പാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കേവലം കൗണ്‍സിലറായ ഇയാള്‍ ഇപ്പോള്‍ തന്നെ ഇത്ര വലിയ വിദ്വേഷം വച്ചുപുലർത്തുന്നു എങ്കില്‍ എംഎല്‍എ ആയാല്‍ എന്താവും സംഭവിക്കുക എന്നും നെറ്റിസണ്‍സ് ചോദിക്കുന്നു. വിഷയത്തില്‍ ബിജെപിയോ നെഗിയോ ഡല്‍ഹി പോലീസോ പ്രതികരിച്ചിട്ടില്ല. നേരത്തെ ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരും മുസ്ലിം കടക്കാരോട് പേരുകള്‍ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

















