കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ വച്ച് നടത്താമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കും.പ്രതിക്ക് കാപ്പാ തടവില്‍ നിന്ന് യാതൊരു കാരണവശാലും ഇടക്കാല മോചനം നല്‍കരുതെന്നാണ് സർക്കാരിന്റെ കർശന നിലപാട്.
നിലവില്‍ സുഗതൻ കഴിയുന്ന ജയിലില്‍ വച്ച് തന്നെ സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം ഇതിന് തടസ്സമില്ലെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കും. കൗണ്‍സിലർക്ക് ജയിലിനുള്ളില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കാപ്പാ തടവില്‍ നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിലാണ് തിങ്കളാഴ്ച സർക്കാർ കോടതിയില്‍ മറുപടി നല്‍കുന്നത്.
നിയമപ്രകാരമുള്ള സത്യപ്രതിജ്ഞാ ചട്ടങ്ങള്‍ ലംഘിച്ച്, സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 20-ാം വാർഡ് കൗണ്‍സിലറായ സുഗതൻ ഉള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും പ്രതിജ്ഞ ചൊല്ലാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ക്കെതിരെ കാപ്പാ ചുമത്തിയത്.











