സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്. 5 ജില്ലകളിലേതൊഴികെ മറ്റു ജില്ലകളിലെല്ലാം ഡിസിസി അധ്യക്ഷൻമാർക്കും സ്ഥാനചലനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പുനസംഘടനയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിർത്തി കോട്ടയത്തെ കോൺഗ്രസിലും ചർച്ചകൾ മുറുകുകയാണ്. പ്രധാനമായും ജില്ലയിൽ നിന്നുള്ള മുതിർന്ന എ ഗ്രൂപ്പ് നേതാവിനും, സ്ഥാനം നഷ്ടപ്പെടാനിടയുള്ള ഡിസിസി അധ്യക്ഷനും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുന്ന തരത്തിലാണ് ചർച്ചകൾ മുറുകുന്നത്.
എ, ഐ ഗ്രൂപ്പുകളിലെ പ്രമുഖർ ഒരുമിച്ച് നിന്നാണ് ജില്ലയിലെ കോൺഗ്രസ് വീതം വച്ച് എടുക്കാൻ ഉള്ള ചർച്ചകൾ സജീവമാക്കുന്നത്. എ ഗ്രൂപ്പ് നേതാക്കൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു കിട്ടുമ്പോൾ ഗ്രൂപ്പിൻറെ കുത്തകയായിരുന്ന ഡിസിസി അധ്യക്ഷ പദവി ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കാം എന്നതാണ് ഫോർമുല. ഇത്തരത്തിൽ പദവിയിൽ എത്താൻ പോകുന്നത് കോട്ടയം ജില്ലക്കാരൻ കൂടിയായ മുൻ എംഎൽഎയും നിലവിൽ രാഷ്ട്രീയ സമിതി അംഗവും ആയ മുതിർന്ന ഐ ഗ്രൂപ്പ് നേതാവാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വരാനിരിക്കുന്ന ഡിസിസി നേതൃ മാറ്റത്തിൽ ആലപ്പുഴ ജില്ലയിലെ അധ്യക്ഷ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് കൈമോശം വരും. ബാബു പ്രസാദ് കാഴ്ചവയ്ക്കുന്ന മോശം പ്രകടനവും കെസി ആലപ്പുഴ എംപിയായി തിരികെയെത്തിയ വേണുഗോപാലിന്റെ നോമിനി പദവിയിലേക്ക് എത്താനുള്ള സാധ്യതകളും ഇത് ഉറപ്പിക്കുന്നു. അതിനാൽ തന്നെ സംസ്ഥാനതലത്തിൽ എ ഗ്രൂപ്പുമായി സഹകരിച്ച് പോകുന്ന ഐ ഗ്രൂപ്പിന് കോട്ടയം വിട്ടുകൊടുക്കുന്ന രീതിയിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് പദവിയിൽ എത്താൻ പോകുന്ന മുതിർന്ന നേതാവ് കത്തോലിക്കാ വിഭാഗത്തിൽ നിന്നാണ് എന്നുള്ളതും അദ്ദേഹത്തിന് കോട്ടയം ചങ്ങനാശ്ശേരി രൂപകളുമായി ചില ബന്ധങ്ങൾ ഉള്ളതും കാര്യങ്ങൾ സുഗമമാക്കും എന്നും വിലയിരുത്തൽ ഉണ്ട്.
ഈ പാക്കേജ് നടപ്പാകണമെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ നിന്ന് ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഏറ്റുമാനൂർ ചങ്ങനാശ്ശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണം. പകരമായി ജോസഫ് ഗ്രൂപ്പിന് കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കും എന്നതാണ് നിർദ്ദേശം. മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ജോസഫ് ഗ്രൂപ്പ് നേതാവിന് മത്സരിക്കാൻ ഇത് സാഹചര്യം ഒരുക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടു കൊടുത്തപ്പോൾ തന്നെ ഇത്തരം ഒരു പാക്കേജ് കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ ഉണ്ടായിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

















