മുംബൈ:ര ണ്ടു ദിവസം മുൻപാണ് മുംബൈ മലാഡിലെ രക്ഷ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ രോഗിയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചത്, ആശുപത്രി വാതിൽ തുറക്കാൻ വൈകി എന്നതാണ് കാരണം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്കെതിരെ മൽവാനി പോലീസ് കേസെടുത്തു.
അമിതമായി ഉറക്കഗുളിക കഴിച്ച ഭാര്യയെ പ്രതി ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. “വാതിൽ തുറക്കാൻ വൈകിയതിൽ പ്രകോപിതനായ പ്രതി സെക്യൂരിറ്റി ഗാർഡിനെ അധിക്ഷേപിക്കാൻ തുടങ്ങി. പ്രതി ഗാർഡിൻ്റെ താക്കോൽ തട്ടിയെടുക്കുകയും മാരകായുധം കൊണ്ട് തലയ്ക്ക് ആക്രമിക്കുകയും ചെയ്തതോടെ സ്ഥിതി വഷളായി” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് ആശുപത്രി മാനേജ്‌മെൻ്റ് മൽവാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മറ്റാർക്കും പരിക്കില്ലെങ്കിലും സംഭവത്തിൽ ചില ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടർന്ന് പ്രതി ആശുപത്രിയിൽ ക്ഷമാപണം നടത്തി,എന്നാൽ പോലീസ് അന്വേഷണം തുടരുകയാണ്, പരിക്കേറ്റ ഗാർഡ് ഐ സി യു വിൽ ചികിത്സയിലാണ്.ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരിക ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

















