ഡെല്‍ഹിയിലെ കീർത്തി നഗറില്‍ യുവതി സെക്യൂരിറ്റി ഗാർഡിനെ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.മെയ് 9 -ന് രാവിലെയാണ് സംഭവം നടന്നത്. ആനിമല്‍ വെല്‍ഫെയർ ആക്ടിവിസ്റ്റായ യുവതിയാണ് നായയെ തല്ലിക്കൊന്നു എന്നാരോപിച്ച്‌ യുവാവിനെ തല്ലിയത്.

ജസ്മീത് കൗർ അറോറ എന്ന ആക്ടിവിസ്റ്റ് സെക്യൂരിറ്റി ഗാർഡിനെ ചെരുപ്പുകൊണ്ട് തുടർച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അടുത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത് തടയാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് രാവിലെ പ്രദേശത്തെ ഒരു തെരുവുനായയെ ഈ സെക്യൂരിറ്റി ഗാർഡ് വടികൊണ്ട് അടിച്ചുകൊന്നതാണ് ജസ്മീതിനെ പ്രകോപിപ്പിച്ചത്. വർഷങ്ങളായി തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ജസ്മീത്, നായ കൊല്ലപ്പെട്ട വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. നായയെ കൊന്നിട്ടും സെക്യൂരിറ്റി ഗാർഡിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും അയാള്‍ സ്വതന്ത്രനായി നടക്കുകയാണെന്നും ആരോപിച്ചായിരുന്നു മർദ്ദനം.

വീഡിയോ പുറത്ത് വന്നതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകള്‍ നടക്കുകയാണ്. ‘ഒരു മിണ്ടാപ്രാണിയെ തല്ലിക്കൊന്നയാള്‍ക്കെതിരെ പൊലീസ് നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ജസ്മീതിന് നിയമം കൈയ്യിലെടുക്കേണ്ടി വന്നത്’ എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ‘ഇവിടെ അവർ ചെയ്തതില്‍ തെറ്റൊന്നും കാണുന്നില്ല’ എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

അതേസമയം, നിയമം കയ്യിലെടുക്കാൻ ജസ്മീതിന് അവകാശമില്ലെന്നും ഒരു മനുഷ്യനെ യൂണിഫോമില്‍ നില്‍ക്കുമ്പോള്‍ പരസ്യമായി മർദ്ദിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും ഒരു വിഭാഗം വാദിച്ചു. ‘മധ്യവർഗക്കാർക്ക് മനുഷ്യരേക്കാള്‍ താല്പര്യം വളർത്തുമൃഗങ്ങളോടാണ്’ എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു. അതേസമയം, പൊലീസ് എന്തുകൊണ്ടാണ് യുവതി സെക്യൂരിറ്റി ഗാർഡിനെ തല്ലുന്നത് കണ്ടിട്ടും പ്രതികരിക്കാത്തത് എന്നായിരുന്നു മറ്റൊരു വിഭാഗം ചോദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക