ഹൈദരാബാദിലെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വിമർശനത്തിന് കാരണമായി തീർന്നത്.
സൂരജ് കുമാർ ബൗദ്ധ് എന്ന യുവാവാണ് എക്സില്‍ (ട്വിറ്റർ) ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍, ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനോട് സംസാരിക്കുന്നതാണ് കാണുന്നത്. രാത്രി മുഴുവനും ജോലി ചെയ്യേണ്ടി വരുന്ന ഇദ്ദേഹം കൊതുകുകടിയില്‍ നിന്ന് രക്ഷനേടാൻ വേണ്ടി കസേരയ്ക്ക് ചുറ്റും ഒരു കൊതുകുവല കെട്ടി അതിനുള്ളില്‍ ഇരിക്കുകയാണ് ചെയ്യുന്നത്.
‘ഇന്ത്യയിലെ ഒരു സെക്യൂരിറ്റി ഗാർഡിന്റെ ജീവിതമാണ് ഇത്. പാവം ആ മനുഷ്യൻ കൊതുകുവലയ്ക്കുള്ളിലിരുന്നാണ് രാത്രി ഡ്യൂട്ടി ചെയ്യുന്നത്. അതേസമയം എസി മുറികളില്‍ സുഖമായി ഉറങ്ങുകയാണ് സൊസൈറ്റി അംഗങ്ങള്‍. അവർക്ക് ഈ ഗാർഡിന് സുരക്ഷിതമായ ഒരു ഇടം നല്‍കിക്കൂടെ? പ്രശ്നം ദയയുടേതാണ്. പാവപ്പെട്ടവരോടുള്ള കരുണ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു’ എന്നാണ് യുവാവ് വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.
എന്തായാലും, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. സെക്യൂരിറ്റി ഗാർഡുകള്‍ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവരോട് ഈ കാണിക്കുന്ന അവഗണന വേദനാജനകം തന്നെ എന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. ഒരു ചെറിയ ക്യാബിനും ഫാനും അദ്ദേഹത്തിന് നല്‍കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണോ എന്നും ആളുകള്‍ കമന്റില്‍ ചോദിച്ചു. ഇന്ത്യയിലെ പല സെക്യൂരിറ്റി ഗാർഡുകളും ഇത്തരം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നും പല സൊസൈറ്റികളും സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷേമത്തെ കുറിച്ച് ഓർക്കാറില്ല എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

















