മുംബൈ: പതിനാറുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ടാക്‌സി ഡ്രൈവറെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കുകയായിരുന്നു. ജഗന്നാഥ് കാലെ (47) എന്ന ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെയും കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിൻ്റെയും (പോക്സോ) വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിനി തൻ്റെ കോളേജിലേക്ക് പോകാൻ ടാക്‌സി പിടിച്ചതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.എന്നാൽ, ഒഴിഞ്ഞ സ്ഥലത്തേക്ക് ടാക്സി കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി ഇക്കാര്യം വീട്ടുകാരോട് പറയുകയും അവർ കേസെടുക്കാൻ പോലീസിനെ സമീപിക്കുകയുമായിരുന്നു.
ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പോലീസ് ടാക്‌സി സഞ്ചരിച്ച വഴിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. കാലെയെ ഉടൻ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

















