ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനേയും രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ.
പാലക്കാട് വിജയിക്കുകയായിരുന്നില്ല കോടിക്കണക്കിന് വരുന്ന തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു അവരുടെ ലക്ഷ്യമെന്ന് സന്ദീപ് ആരോപിച്ചു. വിജയമായിരുന്നു ലക്ഷ്യമെങ്കില്‍ ഒരിക്കലും കൃഷ്ണകുമാറിനെ മത്സരിപ്പിക്കുമായിരുന്നില്ല. തങ്ങള്‍ക്ക് മുൻപ് മറ്റൊരാള്‍ ജയിക്കേണ്ടെന്നായിരുന്നു അവരുടെ ചിന്ത. പാലക്കാട്ടെ മുതിർന്ന നേതാക്കളെ പോലും അവർ ഒതുക്കിയെന്നും സന്ദീപ് ആരോപിച്ചു.
‘ പാല്‍ സൊസൈറ്റി മുതല്‍ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകുന്ന ആളാണ് കൃഷ്ണകുമാർ. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത് ജയിക്കാൻ ലക്ഷ്യം വെച്ചല്ല. കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട ഗൂഢലക്ഷ്യമാണ്. നമ്മുക്ക് മുന്നേ മറ്റാരും ജയിക്കേണ്ടെന്ന ചിന്തയും സുരേന്ദ്രനും സംഘത്തിനും ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് പാലക്കാടേക്ക് വന്നത് കോഴിക്കോട് നിന്നുള്ളവരാണ്. അവർക്ക് അവിടെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് ജയിപ്പിച്ച ചരിത്രം പോലും ഇല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോഴിക്കേട്ടെ പ്രവർത്തകരേക്കാള്‍ ഗ്രാഹ്യം പാലക്കാട്ടെ പ്രവർത്തകർക്കാണ്. ആ പ്രാദേശിക നേതാക്കളെ എല്ലാം ഒതുക്കി.ശിവരാജേട്ടനെ പോലൊരു മുതിർന്ന നേതാവിന് കൊടുത്തത് ഒരു ബൂത്തിന്റെ ചുമതലയാണ് . മുൻസിപ്പല്‍ വൈസ് ചെയർമാന് മെമ്ബർഷിപ്പ് ക്യാമ്ബിന്റെ ചുമതലയാണ് നല്‍കിയത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പല പ്രവർത്തകരും എനിക്ക് മെസേജ് അയച്ചു. ആദ്യമായി ബിജെപി പരാജയപ്പെടണമെന്ന് ആഗ്രഹിച്ചുവെന്നാണ് പറഞ്ഞത്. ഞാൻ ഉയർത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്’, സന്ദീപ് പറഞ്ഞു. അതേസമയം പാലക്കാട്ടെ പരാജയത്തില്‍ പാർട്ടിക്കുള്ളില്‍ കെ സുരേന്ദ്രനും കൃഷ്ണകുമാറിനുമെതിരെ പടയൊരുക്കം ശക്തമായിട്ടുണ്ട്. ഇന്ന് പരാജയം സംബന്ധിച്ച് മുൻ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനോട് മാധ്യമങ്ങള്‍ ചോദ്യമുയർത്തിയപ്പോള്‍ കെ സുരേന്ദ്രനോട് ചോദിക്കൂവെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. സുരേന്ദ്രൻ നേരിട്ട് നയിച്ചിട്ടും പരാജയപ്പെട്ടത് പരിശോധിക്കണമെന്നാണ് സന്ദീപ് വചസ്പതി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞത്.
അതേസമയം മുതിർന്ന നേതാവും ദേശീയ നിർവാഹക സമിതി അംഗവുമായ എൻ ശിവരാജൻ ഇന്ന് കൃഷ്ണകുമാറിനെതിരെ രംഗത്തെത്തി. കൃഷ്ണകുമാർ പ്രവർത്തനശൈലി മാറ്റണമെന്നും സ്റ്റേജില്‍ അല്ല അടിത്തട്ടില്‍ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശില്‍ബന്ധികളോട് മാത്രമല്ല എല്ലാവരുമായും ബന്ധം പുലർത്താനും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുരേന്ദ്രനെ അദ്ദേഹം പിന്തുണച്ചു. സുരേന്ദ്രൻ നേതൃത്വം കൊടുത്തതുകൊണ്ടാണ് ഇത്രയെങ്കിലും രക്ഷപ്പെട്ടതെന്നും. സുരേന്ദ്രൻ മാറണം എന്ന് പറയുന്നവർ പാർട്ടി വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

















