കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാർക്ക് തീർത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്.
നവ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തു നിന്നും എൻഡിഎ പിൻവലിഞ്ഞുവെന്ന തോന്നല്‍ അണികള്‍ക്കിടയില്‍ പോലും ഉണ്ടായി. എന്നാല്‍ പ്രചാരണം തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടുകാർക്കിടയിലേക്ക് ഇറങ്ങാൻ നവ്യയ്ക്കായി. വയനാട്ടിലെ പാർട്ടി പ്രവർത്തകർ ഒപ്പം നിന്നതോടെ പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടു പോകാനുമായി. പ്രിയങ്ക പ്രഭാവത്തിലും മികച്ച പ്രകടനമാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നടത്തിയത്.
മണ്ഡലം രൂപീകരിച്ച 2009ല്‍ കേവലം മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപിയാണ് ഇപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടുമായി തിളങ്ങുന്നത്. കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്ബോള്‍ നവ്യ ഹരിദാസ് എല്ലാംകൊണ്ടും പുതുമുഖമാണ്. എന്നിട്ടും 1.1 ലക്ഷത്തോളം വോട്ട് നേടാനായത് വൻ നേട്ടമാണ്. സുരേഷ് ഗോപി മാത്രമാണ് താരപ്രചാരകനായി വയനാട്ടില്‍ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിട്ട് പോലും ദേശീയ നേതാക്കൻമാരും പ്രചാരണത്തിനെത്തിയില്ല. വയനാട്ടിലെ പ്രവർത്തകർ തന്നെയാണ് പ്രചാരണം നയിച്ചത്.
കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ മത്സരിച്ചപ്പോള്‍ ദേശീയ നേതാക്കളുടെ ഒഴുക്കായിരുന്നു വയനാട്ടിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയനാട്ടിലെത്തി. സുരേന്ദ്രനു വേണ്ടി മുക്കിലും മൂലയിലും വരെ പ്രചാരണം നടത്തുകയും കൂറ്റൻ പോസ്റ്ററുകള്‍ ഉയർത്തുകയും ചെയ്തു. ആദിവാസി കോളനികളില്‍ ബിജെപി പ്രവർത്തകർ വിതരണം ചെയ്ത കിറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെ വിവാദമായിരുന്നു. എന്നിട്ടും 141,045 വോട്ടാണ് നേടാനായത്. എന്നാല്‍ ഇതൊന്നുമില്ലാതിരുന്നിട്ടും നവ്യ ഹരിദാസ് 1.1 ലക്ഷത്തോളം വോട്ടുകള്‍ നേടിയത് സാധാരണ പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ്.
ഇത്തവണ ക്രിസ്ത്യൻ വോട്ടുകള്‍ നല്ല രീതിയില്‍ സ്വരുക്കൂട്ടാൻ ബിജെപിക്കായി എന്നാണ് നിരീക്ഷകരുടെ അനുമാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മുനമ്ബം പ്രശ്നം ഉയർന്നുവന്നത് എൻഡിഎയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു. വൈദികരേയും സന്യസ്തരേയും സന്ദർശിച്ചപ്പോഴെല്ലാം നവ്യ ഹരിദാസ് ഈ വിഷയം അവതരിപ്പിക്കുകയും പാർലമെന്റില്‍ പ്രശ്നം ഉന്നയിക്കുമെന്നും പറഞ്ഞു. സുരേഷ് ഗോപി പ്രചാരണത്തിനെത്തിയപ്പോഴും വഖഫ് ബോർഡ് തന്നെയായിരുന്നു പ്രധാന പ്രസംഗ വിഷയം. വയനാട്ടിലും നല്ലൊരു ഭാഗം ക്രിസ്ത്യൻ വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
എന്തായാലും നവ്യ ഹരിദാസിനു തലയുയർത്തിപ്പിടിച്ച് ചുരമിറങ്ങാം. പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനായി കോണ്‍ഗ്രസ് സർവ സന്നാഹങ്ങളുമായി പ്രവർത്തിച്ചപ്പോള്‍ ഇതൊന്നുമില്ലാതെയാണ് നവ്യ പോരാടിയത്. 9 വർഷം കോഴിക്കോട് കോർപറേഷനില്‍ കൗണ്‍സിലറായി പ്രവർത്തിച്ചതിന്റെ അനുഭവം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നവ്യയ്ക്ക് മുതല്‍ക്കൂട്ടായി.

















