പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ എംഎൽഎ. രാഷ്ട്രീയം നോക്കാതെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഭരിക്കുന്ന പാലാ നഗരസഭയെ എംഎൽഎ റോഡ് വർക്കിന് ചുമതലപ്പെടുത്തുയും ചെയ്തു. എന്നാൽ വീണു കിട്ടിയ അവസരം ഉദ്യോഗസ്ഥരും, കോൺട്രാക്ടറും, നഗരസഭ കൗൺസിലറും ചേർന്നു മുതലെടുത്ത് റോഡ് നിർമ്മാണം അവതാളത്തിൽ ആകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. റോഡ് നിർമ്മാണം ലഭിച്ച കോൺട്രാക്ടറുടെ ചെലവിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർക്കായി കൗൺസിലറുടെ നേതൃത്വത്തിൽ കള്ള് സഭ സംഘടിപ്പിച്ചതാണ് ഈ ആശങ്കയ്ക്ക് കാരണം.
ഇന്നലെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ മുനിസിപ്പൽ എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ, ഗ്രേഡ് വൺ എൻജിനീയർ എന്നിവർ ഉൾപ്പെടുന്ന പാലാ നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കായി കോൺട്രാക്ടർ ചെലവ് ചെയ്തത്. ഉച്ചകഴിഞ്ഞ് ഓഫീസിൽനിന്ന് മുങ്ങിയ എൻജിനീയറിങ് വിഭാഗത്തിലെ പ്രമുഖർ ചെലവ് കഴിഞ്ഞ് ലഹരിയുടെ ആലസ്യത്തിൽ ഇന്നലെ വൈകുന്നേരം ആറരയ്ക്ക് ശേഷം നഗരസഭ ഓഫീസിൽ എത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. വള്ളിച്ചിറ സ്വദേശിയായ കോൺട്രാക്ടർക്ക് ആണ് റോഡ് വർക്ക് ലഭിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. വർക്ക് ലഭിച്ചതിന് പിന്നാലെ തന്നെ മുനിസിപ്പൽ ഉദ്യോഗസ്ഥർക്കായി കൗൺസിലറുടെ മേൽനോട്ടത്തിൽ കള്ള് സഭ ഒരുക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടത്ര ഫണ്ടില്ലാതിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് എംഎൽഎ റോഡ് നിർമ്മാണത്തിന് പണം അനുവദിച്ചത്. എന്നാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ കൗൺസിലർ റോഡ് വർക്ക് തന്റെ നേട്ടമായി ചിത്രീകരിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ പാലാ നഗരസഭയിലെ യുഡിഎഫിലും മുറിമുറുപ്പ് ആരംഭിച്ചിട്ടുണ്ട്. ജനങ്ങളുടെ നന്മയെ കരുതി എംഎൽഎ കൈക്കൊണ്ട നടപടിയെ രാഷ്ട്രീയ മുതലെടുപ്പിന് കേരള കോൺഗ്രസ് ജോസ് കെഎം മാണി വിഭാഗം ഉപയോഗിക്കുന്നതാണ് യുഡിഎഫിനെ പ്രകോപിപ്പിക്കുന്നത്.
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുമ്പോൾ വർക്ക് എടുക്കുന്ന കോൺട്രാക്ടർ ഉദ്യോഗസ്ഥർക്ക് ചെലവ് ചെയ്യാൻ നിന്നാൽ അത് റോഡ് നിർമ്മാണത്തിന്റെ നിലവാരത്തെ തന്നെ ബാധിക്കാൻ ഇടയുണ്ട്. ചെലവ് ചെയ്തും കൈമടക്ക് കൊടുത്തും ഇറങ്ങുന്ന തുക കോൺട്രാക്ടർ സ്വാഭാവികമായും തിരികെ പിടിക്കാൻ നോക്കുമ്പോൾ അത് നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവാരത്തിൽ മൂല്യച്യുതി സൃഷ്ടിക്കും. പലപ്പോഴും നിർമ്മാണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ തന്നെ പല റോഡുകളും തകരുന്നതിന് പിന്നിലെ രഹസ്യവും ഇതാണ്. സകല മേഖലകളിലും നിലനിൽക്കുന്ന രാഷ്ട്രീയ/ ഉദ്യോഗസ്ഥ അഴിമതിയുടെ നേർക്കാഴ്ചയാണ് ഇന്നലെ പാലായിൽ ഉണ്ടായ ഈ സംഭവങ്ങൾ.

















