പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നുകാട്ടി മുൻ എം.എല്‍.എ.യും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ പി.അയിഷാപോറ്റിയെ സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ആരോഗ്യകാരണങ്ങള്‍ കാട്ടി ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാപോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
രണ്ടാംദിവസമെങ്കിലും അയിഷാപോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിനുശേഷം അയിഷാപോറ്റിയോടു പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ അയിഷാപോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു.
പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ പ്രവർത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതും അകല്‍ച്ചയ്ക്കു കാരണമായി. 2006ൽ അതുവരെ മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ആയിഷാ പോറ്റി ആദ്യമായി എംഎൽഎ ആകുന്നത്. തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ കൂടി തുടർച്ചയായി വിജയിച്ച് കൊട്ടാരക്കര മണ്ഡലത്തിൽ സിപിഎമ്മിന് ഹാട്രിക് നേടിക്കൊടുത്ത നേതാവാണ് അയിഷാ പോറ്റി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും നിലവിലെ ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാലിനെ നിയമസഭയിൽ എത്തിക്കുന്നതിനു വേണ്ടിയാണ് അയിഷാ പോറ്റിയെ തഴഞ്ഞത്.
സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിക്കും മന്ത്രിക്കുമെതിരേ വിമർശനം ഉന്നയിച്ച ലോക്കല്‍ സെക്രട്ടറിയുടെ പേര് ഏരിയ കമ്മിറ്റിയിലേക്കു നിർദേശിച്ചെങ്കിലും നേതൃത്വം ഒഴിവാക്കി. കോണ്‍ഗ്രസ് നേതാവിനെ മർദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 11 പേരെ കാണാനെത്തിയ ജില്ലാ സെക്രട്ടറി രണ്ടുപേരെ മാത്രം കണ്ടു മടങ്ങിയെന്നായിരുന്നു വിമർശനം.

















