തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു ഇതെന്ന് പിന്നാലെ വ്യക്തമായി.
പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാല്‍ കസേര സൗജന്യമായി നല്‍കുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫറാണ് ഇതിന് കാരണം. യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവർക്ക് ഇരിക്കുന്ന കസേരയുമായി വീട്ടില്‍ പോകാമെന്നായിരുന്നു ഓഫർ. യോഗത്തിന് ആളെ കൂട്ടാനായിരുന്നു ഈ ഓഫർ വെച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജയലളിതയുടെ പാർട്ടി കഴിഞ്ഞ രണ്ട് വട്ടവും പ്രതിപക്ഷത്തായിരുന്നു. ഇതിനിടയിലാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് പുതിയ രാഷ്ട്രീയ കക്ഷിയുമായി രംഗപ്രവേശം നടത്തിയത്. ഇതോടെ സ്വാധീന മേഖലകളില്‍ ജനപിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് കക്ഷികള്‍.











