കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കും. ഏറെ നാടകീയമായ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ദീപ്തിയെ വെട്ടി മിനി മോളും ഷൈനിയും മെട്രോ നഗരത്തിന്റെ തലപ്പത്തേക്ക് വരുന്നത്. ഡെപ്യൂട്ടി സ്ഥാനം ദീപക് ജോയിയും കെവിപി കൃഷ്ണകുമാറും ചേര്‍ന്ന് ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം വീതം പങ്കിടും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയിലാണ് മിനിമോള്‍ മേയറാകുന്നത് എന്നാണ് സൂചന. മേയര്‍ സ്ഥാനം കിട്ടാത്തതില്‍ ദീപ്തിക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഒഴിവാക്കപ്പെട്ടതില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ദീപ്തി പരാതി നല്‍കി. മേയര്‍ സ്ഥാനം നിശ്ചയിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന ആരോപണമാണ് ദീപ്തി ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചെങ്കിലും ആരാകണം മേയര്‍ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ചയോളം കഴിഞ്ഞിട്ടും മേയറെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തിക്കായിരുന്നു മേയര്‍ സ്ഥാനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീടാണ് അവിടെ മിനിമോളുടെയും ഷൈനിയുടെയും പേരുകള്‍ ഉയര്‍ന്നുവന്നത്. ലത്തീന്‍ സഭ ദീപ്തിക്കെതിരെ രംഗത്തുവന്നിരുന്നു. കൊച്ചിയിലെ ഭൂരിപക്ഷ സമുദായമായതിനാല്‍ ലത്തീന്‍ സഭാംഗത്തെ മേയര്‍ ആക്കണം എന്നായിരുന്നു സഭയുടെ നിര്‍ദ്ദേശം. മിനി മോളും ഷൈനിയും ലത്തീന്‍ സഭയില്‍ ഉള്‍പ്പെട്ടവരാണ്. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായ വികെ മിനിമോള്‍ പാലാരിവട്ടം ഡിവിഷനില്‍ നിന്നാണ് വിജയിച്ചു വന്നത്. ഷൈനു മാത്യു ഫോട്ടോ കൊച്ചി ഡിവിഷനില്‍ നിന്നും.ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദീപ്തിയോട് അതൃപ്തി ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേ സമയം എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്ന് എടുത്ത തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കുന്ന വിശദീകരണം. മിനിമോള്‍ക്കാണ് ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചത്. ദീപ്തിയെ നാലു പേര്‍ മാത്രമാണ് പിന്തുണച്ചതെന്നാണ് വിവരം.അതേസമയം, നിരീക്ഷകന്റെ സാന്നിധ്യമില്ലാതെയാണ് മേയറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ നടത്തിയതെന്നാണ് ദീപ്തി പറയുന്നത്. ഇന്ന് കോര്‍ കമ്മിറ്റി വിളിച്ചിട്ടില്ലെന്നും ദീപ്തി വ്യക്തമാക്കി. കെപിസിസി എന്തു തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. പരാതിയുമായി ദീപ്തി രംഗത്തു വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക