ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. വൻ വരവേൽപ്പാണ് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.
എൻ.ഡി.എയുടെ കണ്‍വെൻഷനില്‍ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യർ ബി.ജെ.പി.യുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിലും സന്ദീപിന് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.
നേരത്തെ സന്ദീപ് വാര്യർ ഇടതു പാർട്ടിയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉള്‍പ്പെടെ സന്ദീപിനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പാർട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് വാർത്ത ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യരുമായി സംസാരിച്ചുവെന്ന വാർത്തകളും സി.പി.ഐ തള്ളിയില്ല.
കോൺഗ്രസിന്റെത് സർജിക്കൽ സ്ട്രൈക്ക്
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കേവലം നാലുദിവസം മാത്രം ബാക്കിയുള്ളപ്പോൾ കോൺഗ്രസ് ബിജെപിക്കെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് എന്ന് സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശത്തെ വിശേഷിപ്പിക്കാം. പാലക്കാട് സ്വദേശിയും മണ്ഡലത്തിൽ ബിജെപി പ്രവർത്തകർക്കിടയിൽ ശക്തമായ ബന്ധങ്ങളും ഉള്ള യുവ നേതാവിനെ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോൺഗ്രസ് സ്വന്തം പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

















