കോടികളുമായി വമ്പന്മാർ ഇറങ്ങിയാൽ ഏതു നിയമവും കാറ്റിൽ പറത്താം എന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. പ്രളയത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾ വിഡ്ഢികൾ എന്ന് പറയേണ്ടിവരും. കോട്ടയത്തെ പ്രമുഖ ബിൽഡർ ഗ്രൂപ്പായ വെക്സ്കോ ബിൽഡേഴ്സ് കൺവെൻഷൻ സെന്ററും ഫോർസ്റ്റാർ ഹോട്ടലും പടുതുയർത്താൻ നികത്തിയെടുത്തത് ഏക്കർ കണക്കിന് പാടശേഖരമാണ്. തണ്ണീർത്തട സംരക്ഷണ നിയമം നിലനിൽക്കുന്ന സംസ്ഥാനത്താണ് നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ഈ അതിക്രമം അരങ്ങേറുന്നത്.

വെക്സ്കോ ഗ്രൂപ്പിന്റെ ലഗൂൺ വിസ്ത എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കഞ്ഞിക്കുഴി കളത്തികടവിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ത്രീഡി വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വൻകിട കൺവെൻഷൻ സെന്റർ, ഫോർസ്റ്റാർ ഹോട്ടൽ, ഓപ്പൺ എയർ പാർട്ടി ഏരിയ എന്നിങ്ങനെ വമ്പൻ പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതിക്ക് വേണ്ടി ഏകദേശം 50 ഏക്കറോളം പാടശേഖരമാണ് മണ്ണിട്ട് നികത്തിയെടുക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മെയിൻ റോഡ് സൈഡിൽ രാപ്പകൽ വ്യത്യാസമില്ലാതെ മണ്ണടിച്ച് പാടം നികത്തുമ്പോൾ പ്രമുഖ രാഷ്ട്രീയ കക്ഷികൾ അത് കണ്ടമട്ട് പോലും നടിക്കുന്നില്ല. ഏതെങ്കിലും ഒരു സാധാരണക്കാരനോ ചെറുകിടക്കാരനോ, ഒരു കൂര വെക്കാനോ, സംരംഭം ആരംഭിക്കാനോ വേണ്ടി 10 ലോഡ് മണ്ണ് സ്വന്തം പുരയിടത്തിൽ അടിച്ചാൽ പോലും കൊടി കുത്തുന്ന രാഷ്ട്രീയകക്ഷികൾ കീശ നിറഞ്ഞാൽ അല്ലാതെ ഇത്തരത്തിൽ ഒരു കണ്ണ് വാട്ടം നടത്തില്ല എന്ന് ഉറപ്പാണ്.

ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ പരിഗണന

ജില്ലയിലെ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾക്ക് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഗണന ലഭിച്ചിട്ടുണ്ട് എന്ന ആക്ഷേപങ്ങൾ ശക്തമാണ്. ചില പ്രമുഖർ വാങ്ങിയ പണത്തിന്റെ കണക്കുകളും പുറത്തുവരുന്നുണ്ട്. പാർട്ടികളിലെ ജില്ലാതല നേതാക്കൾ ആണ് പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതാണ് വസ്തുത.

മാധ്യമങ്ങളുടെ വായടയ്ക്കുന്നത് പരസ്യ വരുമാനം

ജില്ലയിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ മാധ്യമങ്ങൾക്കെല്ലാം ലക്ഷക്കണക്കിന് രൂപയുടെ പരസ്യം ഇവരിൽ നിന്ന് ലഭിക്കാറുണ്ട്. അതിനാൽ തന്നെ ഈ വിഷയത്തിൽ പാരിസ്ഥിതിക പരിഗണനകളും സാമൂഹിക പ്രതിബദ്ധതയും മാധ്യമങ്ങൾ മറന്ന മട്ടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക