. മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യോട് ‘സ്വന്തം കാലിൽ’ നിൽക്കാനും ശരദ് പവാറിൻ്റെ ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതിൽ നിന്ന് അജിത് പവാർ ക്യാമ്പിനെ തടയണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സമർപ്പിച്ച ഹർജി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കുമ്പോഴാണ് സുപ്രധാനമായ അഭിപ്രായം. ശരദ് പവാറിന്റെ എൻ സി പിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ്. ശരദ് പവാറിൻ്റെ ഫോട്ടോകളും വീഡിയോയും അജിത് പവാർ വിഭാഗം ഉപയോഗിച്ചതായി കോടതിയിൽ തെളിവ് സഹിതം നൽകിയിരുന്നു.ശരദ് പവാറിൻ്റെ ഫോട്ടോ കാണിച്ച് വോട്ടർമാരെ ആകർഷിക്കാൻ അജിത് ക്യാമ്പ് ശ്രമിക്കുകയാണെന്നും സിങ്വി ആരോപിച്ചു.
അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായ അമോൽ മിത്കാരി ശരദ് പവാറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിംഗ്വി പറഞ്ഞു.ചിത്രങ്ങളും വീഡിയോയും കൃത്രിമമാണെന്ന് അജിത് പവാർ ക്യാമ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബൽബീർ സിംഗ് ആരോപിച്ചപ്പോൾ, അമോൽ മിത്കാരിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് സിംഗ്വി പറഞ്ഞു. എന്നാൽ ഇത് പഴയ വീഡിയോ ആണെങ്കിലും അല്ലെങ്കിലും, ശരദ് പവാറുമായി നിങ്ങൾക്ക് ആശയപരമായ വ്യത്യാസമുണ്ട്, നിങ്ങൾ അദ്ദേഹത്തിനെതിരെ പോരാടുകയാണ്. എന്നാൽ പിന്നെ സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കണം.” ജസ്റ്റിസ് കാന്ത് പറഞ്ഞു.

















