ബാർ അനുമതി ലഭിക്കാനായി സർക്കാർ സ്കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണമുയർന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികള്‍. തിരുവനന്തപുരം ഗവ. എസ്.എം.വി സ്കൂളിന്റെ മുന്നില്‍ ബാർ വരാൻ പാടില്ലെന്നും തങ്ങള്‍ അത് അനുവദിക്കില്ലെന്നും വിദ്യാർഥികള്‍ പറഞ്ഞു.
‘നാളെ ഒരു സമയത്ത് നമ്മുടെ അനിയന്മാർ പഠിക്കേണ്ട സ്ഥലമാണ്. നമ്മള്‍ തന്നെ പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ അവർ വഴിതെറ്റി പോകും. അത് എസ്.എം.വി സ്കൂളിലെ പിള്ളേർ അനുവദിക്കില്ല. പത്താം ക്ലാസുകാർക്കും പ്ലസ് വണ്‍കാർക്കും വ്യത്യസ്ത ഗേറ്റുകള്‍ വഴി വരാനാണ് ഈ മാറ്റമെന്നാണ് സ്കൂള്‍ അധികൃതർ പറഞ്ഞത്. എന്നാല്‍ ഈയടുത്താണ് ഗേറ്റ് പൊളിക്കുന്നത് ബാറിന് വേണ്ടിയാണെന്ന് ഞങ്ങള്‍ അറിയുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. അപ്പോഴേക്കും വിദ്യാർഥികളെ മുഴുവൻ പിടിച്ചുവെച്ചിരിക്കുകയാണ്. ആരെയും വിടുന്നില്ല’, പ്രതിഷേധിച്ച വിദ്യാർഥികളിലൊരാള്‍ പറഞ്ഞു. അതേസമയം സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ, എബിവിപി പ്രവർത്തർ തമ്മില്‍ സംഘർഷമുണ്ടായി.
തിരുവനന്തപുരം ഗവ. എസ്.എം.വി സ്കൂളിന്റെ നേരെ എതിർവശത്തായാണ് ബാർ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയർ പാർലർ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാർ റേറ്റിങ്ങുള്ള ബാർ ആക്കാനുള്ള പണികളാണ് പുരോഗമിക്കുന്നത്. സ്കൂളിന്റെ ഗേറ്റ് ദ്രുതഗതിയില്‍ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണമുയർന്നിരിക്കുന്നത്. സ്കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി നടന്നുവരുന്നത്.
സ്കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റർ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാർ ലൈസൻസ് ലഭിക്കുകയുള്ളു. നിലവില്‍ സ്കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്കർഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍ ബാർ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവർബ്രിഡ്ജ് ചുറ്റിയോ ആയുർവേദ ജങ്ഷൻ ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റർ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തകൃതിയായി നടക്കുന്നത്.

















