വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി നിഴലിലാണെന്നും രാജ്യത്ത് വഖഫ് നിയമം അടിപ്പേല്‍പ്പിച്ച കോണ്‍ഗ്രസ് മാത്രമാണ് ഇതില്‍ യഥാർഥ കുറ്റവാളികളെന്നും റെജി ലൂക്കോസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ സമ്ബത്ത് വഖഫ് ബോർഡിനു നല്‍കുന്നതിനുള്ള സമ്മതപത്രമായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.

പലപ്പോഴും ചാനൽ ചർച്ചകളിൽ സിപിഎമ്മിന് വേണ്ടി യാഥാർത്ഥ്യബോധമില്ലാത്ത ന്യായീകരണങ്ങൾ നിരത്തി അന്തംകമ്മി എന്നും, ന്യായീകരണ തൊഴിലാളി എന്നും വിശേഷണം നേടിയിട്ടുള്ള വ്യക്തിയാണ് റെജി ലൂക്കോസ്. ഇത്തരം ഒരാൾ പാർട്ടി ലൈനിന് വിരുദ്ധമായ ഒരു നിലപാട് കൈ കൊണ്ടിരിക്കുന്നത് വഖഫ് വിഷയത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. എന്നാൽ പാർട്ടി ലൈനിന് വിരുദ്ധമായി നിലപാട് എടുക്കുമ്പോഴും എല്ലാ കുറ്റവും കോൺഗ്രസിന്റെ മേൽ കെട്ടി വെക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങൾ അദ്ദേഹത്തിൻറെ രാഷ്ട്രീയ നിലപാടിൽ വ്യത്യാസം ഒന്നും വന്നിട്ടില്ല എന്നും ഉറപ്പാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിലും നിയമസഭയിലും സിപിഎം ശക്തമായി എതിർത്തിരുന്നു. ബില്‍ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 15ന് നിയമസഭയില്‍ മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐകണ്‌ഠ്യേനയാണ് പാസാക്കിയത്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍, വിശ്വാസ സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നും ഭേദഗതി നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ ബില്‍ അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ നിലപാടിനു നേർവിരുദ്ധമായ ആരോപണങ്ങളാണ് റെജി ലൂക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാവിലെ എണീറ്റു നോക്കിയാല്‍ ഒരുപക്ഷേ നിങ്ങളുടെ വീടിനു മുന്നിലും വഖഫ് സ്വത്ത് എന്ന പേരിലുള്ള ബോർഡ് വന്നേക്കാമെന്ന തരത്തില്‍ വിദ്വേഷ പ്രചാരണവും നടത്തുന്നുണ്ട് പോസ്റ്റില്‍. കോണ്‍ഗ്രസ് സർക്കാരുകള്‍ കൊണ്ടുവന്ന വഖഫ് നിയമങ്ങളാണ് ഇതിനു കാരണമെന്നും റെജി ആരോപിക്കുന്നു. ഇത് അപരിഷ്‌കൃതവും മനുഷ്യാവകാശം ലംഘിക്കുന്നതുമായ കാടൻ നിയമങ്ങളാണെന്നും ആരോപണമുണ്ട്. പോസ്റ്റില്‍ ഡിവൈഎഫ്‌ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ടാഗ് ചെയ്തിട്ടുമുണ്ട്.

റെജി ലൂക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ ബോർഡ് ഒരുപക്ഷേ നിങ്ങളുടെ വീടിനു മുന്നിലും വസ്തുക്കളുടെ മുന്നിലും വന്നേക്കാം. കാരണം ഈ രാജ്യത്ത് കോണ്‍ഗ്രസ് സർക്കാരുകള്‍ കൊണ്ടുവന്ന വഖഫ് നിയമങ്ങള്‍ കൊണ്ടാണ്. 1953ല്‍ പാർലമെന്റില്‍ കോണ്‍ഗ്രസ് വഖഫ് നിയമം പാസാക്കി. 1995ല്‍ നരസിംഹറാവു സർക്കാർ ഈ കിരാത നിയമം ക്രൂരവകുപ്പുകള്‍ ചേർത്തു പരിഷ്‌ക്കരിച്ചു. 2013ല്‍ മൻമോഹൻ സിങ് സർക്കാർ വീണ്ടും കാടൻ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ച്‌ ഈ അപരിഷ്‌കൃത മനുഷ്യാവകാശ ലംഘനനിയമം പരിഷ്‌ക്കരിച്ചു. മുസ്‌ലിം അല്ലാത്തവർക്കും തങ്ങളുടെ ഭൂസ്വത്ത് വഖഫിനു ദാനം നല്‍കുന്നുവെന്ന് മനസില്‍ കരുതിയാല്‍ മാത്രം മതി ഭൂമി വഖഫിന്റേതാകും. രണ്ടുപേർ സാക്ഷി പറഞ്ഞാല്‍ മാത്രം മതി.

ഏറ്റവും വിചിത്രം നിങ്ങളുടെ വസ്തു വഖഫിന്റേതല്ലന്നുള്ള രേഖകള്‍ നിങ്ങള്‍ തെളിയിക്കണം. ഇന്ത്യയിലെ ഒരു കോടതിയിലും നിങ്ങള്‍ക്ക് പരാതി നല്‍കാൻ കഴിയില്ല. വഖഫ് ട്രിബ്യൂണലില്‍ മാത്രം പരാതിനല്‍കാമെന്നതാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം. ട്രിബ്യൂണല്‍ നിങ്ങളുടെ പരാതി തള്ളിയാല്‍ നിങ്ങളുടെ വീടും വസ്തുക്കളും എന്നെന്നേയ്ക്കായ് നഷ്ടപ്പെടും. ഈ കാടൻ നിയമംമൂലം നിരവധി മുസ്‌ലിം, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളില്‍ ഭൂമിക്ക് വഖഫിന്റെ നോട്ടീസ് നല്‍കിക്കഴിഞ്ഞു. മുനമ്ബം മാത്രമല്ല ചാവക്കാട്, വയനാട്, ആലപ്പുഴ ഇവിടങ്ങളില്‍ പലയിടത്തും നോട്ടീസ് നല്‍കിക്കഴിഞ്ഞു. തളിപ്പറമ്ബ് ടൗണ്‍ ഉള്‍പ്പെടെ 600 ഏക്കർ വഖഫ് സംരക്ഷണ സമിതി അവകാശവാദം ഉന്നയിച്ചിരിക്കുന്നു. തളിപ്പറമ്ബ് കോടതിയും മുനിസിപ്പല്‍ ഓഫീസും ഉള്‍പ്പെടും.

ബഹുഭൂരിപക്ഷം മുസ്‌ലിം സഹോദരങ്ങളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു. അവർ കൊച്ചിയിലെ വഖഫ് ടിബ്യൂണലില്‍ കയറിയിറങ്ങുന്നു.ഈ അവസ്ഥയെ മുതലെടുക്കാൻ വർഗീയ വിഷവുമായി ഭിന്നിപ്പ് മുതലെടുപ്പിനായി ബിജെപി ഇറങ്ങിയിരിക്കുന്നു. വോട്ട് ബാങ്ക് മാത്രമാണവരുടെ ലക്ഷ്യം. എന്നാല്‍, എല്‍ഡിഎഫ് സർക്കാർ ഒരിക്കലും ഈ മനുഷ്യരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.യഥാർഥ കുറ്റവാളികള്‍ ഈ നിയമങ്ങള്‍ രാജ്യത്ത് അടിപ്പേല്‍പ്പിച്ച കോണ്‍ഗ്രസ് മാത്രമാണ്. നിങ്ങള്‍ കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ സമ്ബത്ത് വഖഫ് ബോർഡിനു നല്‍കുന്ന സമ്മതപത്രമായിരിക്കും.

എൻബി: ആർഎസ്‌എസ്-ബിജെപി കാപട്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ അവർ കേരളത്തെ ഉത്തരേന്ത്യൻ മാതൃകയില്‍ വർഗീയഭ്രാന്തന്മാരുടെ താവളമാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക