പാലാ നഗരത്തിൽ വ്യാപാരികൾക്ക് ഇന്ന് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് അനധികൃത വഴിയോര കച്ചവടങ്ങൾ ആണ്. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്ന വൻ ലോബിയുടെ കൈയിലാണ് ഇന്ന് നഗരത്തിലെ നടപ്പാതകളുടെ നിയന്ത്രണം. പ്ലാസ്റ്റിക്ക് പാത്രങ്ങൾ, കസേരകൾ, കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, എൽഇഡി ബൾബുകൾ, പഴങ്ങൾ, പച്ചക്കറികൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ വ്യാപാരികൾ വിപണനം ചെയ്യുന്ന ഒട്ടുമിക്ക വസ്തുക്കളും ഇത്തരക്കാർ ഫുട്പാത്തിലിട്ട് കുറഞ്ഞ വിലയിൽ വിൽക്കുമ്പോൾ അത് ബാധിക്കുന്നത് വലിയ തുക വാടക കൊടുത്ത്, സർക്കാരിനും നഗരസഭയ്ക്കും ടാക്സും, ലൈസൻസ് ഫീസും അടച്ച്, വൻ തുക മുതൽ മുടക്കി വ്യാപാരം നടത്തുന്ന സമൂഹത്തെയാണ്.
നഗരസഭയുടെ പ്രധാന വരുമാനം മാർഗ്ഗം തന്നെ വ്യാപാരികൾ നൽകുന്ന ലൈസൻസ് ഫീസും, പ്രൊഫഷണൽ ടാക്സും, വാണിജ്യ കെട്ടിടങ്ങളുടെ കെട്ടിട നികുതിയുമാണ്. നഗരസഭയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഈ സമൂഹത്തോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലാതെ അവരുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന രീതിയിൽ വഴിയോര കച്ചവടക്കാരോട് നഗരസഭ ഭരണകൂടം സ്വീകരിക്കുന്നത് വളരെ ഉദാരമായ നിലപാടാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം ചോറിൽ മണ്ണുവാരി ഇടുന്ന നിലപാടാണ് പാലാ നഗരസഭാ ഭരണകൂടത്തിന് ഉള്ളത്.
നഗരസഭ അധികൃതരുടെയും സർക്കാരിന്റെയും നിഷേധാത്മക നിലപാടുകൾക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഇന്ന് നഗരത്തിലെ യുവ വ്യാപാരി ബിജു മാത്യു രംഗത്തെത്തി. കൊട്ടാരമറ്റം ശാന്തോം കോംപ്ലക്സിൽ സെന്റ് ജൂഡ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം തന്റെ സ്ഥാപനത്തിന് തൊട്ടുമുന്നിലെ നടപ്പാതയിൽ നടന്ന അനധികൃത വഴിയോര കച്ചവടത്തിനെതിരെയാണ് വ്യത്യസ്തമായി പ്രതികരിച്ചത്. സ്വന്തം കടയിൽ വില്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങൾ വഴിയോര കച്ചവടം നടന്നുവന്നിരുന്ന നടപ്പാതയിലേക്ക് ഇദ്ദേഹം ഇറക്കിവയ്ക്കുകയും വഴിയോര കച്ചവടക്കാരനെ പോലെ പുറത്തിരുന്ന് പ്രതിഷേധിക്കുകയും ആയിരുന്നു. പാലായിലെ വ്യാപാര സമൂഹം നേരിടുന്ന അനീതിയെക്കുറിച്ച് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രതിനിധിയോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ കേൾക്കാം വീഡിയോ ചുവടെ കാണാം.
ചെയർമാൻ വെറും ഷോ മാൻ
പാലാ നഗരസഭാ ചെയർമാൻ ഷാജു തുരത്താൻ വെറും ഷോമാനാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യാതൊരുവിധ ക്രിയാത്മക ഇടപെടലും തന്റെ ഭരണകാലത്ത് നടത്താൻ കഴിയാത്ത ഇദ്ദേഹം, സാമൂഹ്യ പ്രവർത്തകരോ പ്രതിപക്ഷമോ ഉയർത്തുന്ന വിഷയങ്ങളിൽ അവസാനഘട്ടത്തിൽ കയറിയിടപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന്അവകാശവാദവുമായി പി ആർ സ്റ്റാണ്ടുകളാണ് നടത്തുന്നത്. ഇത് അവസാനമായി നടന്നത് നഗരത്തിൽ അച്ചായൻസ് ജ്വല്ലറിയുടെ അനധികൃത ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ്.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ പ്രതിപക്ഷം വിഷയം കൗൺസിൽ യോഗത്തിൽ ഉയർത്തുകയും പൊതുപ്രവർത്തകർ സമരവുമായി രംഗത്തിറങ്ങുകയും ചെയ്തതാണ് അച്ചായൻസ് ജ്വല്ലറിയെ ബോർഡ് മാറ്റാൻ പ്രേരിപ്പിച്ചത്. എന്നാൽ അവർ സ്വയം ബോർഡ് എടുത്തു മാറ്റിയതിന് പിന്നാലെ ഞായറാഴ്ച ആരും ഇല്ലാത്തപ്പോൾ ബോർഡ് മാറ്റിയ സ്ഥലത്തെത്തി താൻ ഇടപെടൽ നടത്തിയാണ് ബോർഡ് മാറ്റിയത് എന്ന് അവകാശപ്പെട്ട് മേനി നടിക്കുന്ന നഗര പിതാവ് ഷാജു തുരുത്തനെയാണ് പിന്നെ കാണാനായത്.
സമാനമായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺ ബസ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനെ ചൊല്ലി പ്രതിഷേധം ഉയർന്നപ്പോൾ ഒറ്റ ദിവസം കൊണ്ട് താൻ നേരിട്ട് ഇറങ്ങി പരിഹാരം കാണും എന്ന് പ്രഖ്യാപിച്ചു മാധ്യമങ്ങളെ വിളിച്ചു കൂട്ടിയ തുരുത്തനെയാണ് പിന്നെ കാണാനായത്. ആളും മാധ്യമ പടയും എല്ലാം കൂടിയപ്പോൾ ഏതോ കോൺട്രാക്ടറെ കൊണ്ട് ഇറക്കിച്ച കുറെ മക്ക് കുഴികളിൽ വിതറിയശേഷം എല്ലാത്തിനും പരിഹാരമായി എന്ന് പറഞ്ഞ് ക്യാമറകൾക്ക് മുന്നിൽ ചെയർമാൻ മേനി നടിച്ചു. പിന്നെയും ചങ്കരൻ തെങ്ങേൽ എന്ന് പറഞ്ഞതുപോലെ ഇപ്പോഴും സ്റ്റാൻഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്.
നഗരസഭ പരിധിയിലെ പോസ്റ്റുകളിൽ ഉപയോഗശൂന്യമായ കേബിളുകൾ തൂങ്ങിക്കിടക്കുന്ന വിഷയം ഉന്നയിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഇദ്ദേഹത്തിൻറെ സമീപനം. ജീവനക്കാർക്ക് നിർദ്ദേശം നൽകി കേബിളുകൾ അഴിച്ചു മാറ്റേണ്ടതിനുപകരം ആളും ആരവവും കൂട്ടി ഇദ്ദേഹം നേരിട്ട് എത്തി കുറെ കേബിളുകൾ വലിച്ചുപറിച്ചു. എന്നിട്ട് താൻ എന്തോ മഹാ കാര്യം ചെയ്തു എന്ന നിലയിൽ പ്രചരിപ്പിക്കുകയായിരുന്നു നഗര പിതാവ്. രാജിവെച്ച് മറ്റൊരാൾക്ക് പദവി കൈമാറുന്നതിനു മുന്നോടിയായി തുരുത്തന്റെ ധാരാളം പുകഴ്ത്തു പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. എന്നാൽ ജന ജീവിതത്തെ സുഗമമാക്കുന്ന രീതിയിൽ മാലിന്യ പ്രശ്നങ്ങൾക്കോ, വെള്ളക്കെട്ടുകൾക്കോ പരിഹാരം കാണാൻ കഴിയാത്ത കഴിവുകേട് മറക്കാനാണ് ഇത്തരം അവകാശവാദങ്ങളും പി ആർ സ്റ്റൺഡുകളും എന്ന് പറയാതിരിക്കാൻ വയ്യ.

















