കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. ഓടിക്കിതച്ച്‌ ഡിവിഷൻ കൗണ്‍സിലറും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും എത്തിയപ്പോഴേക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നടത്തി സ്ഥലം വിട്ടിരുന്നു.

രാജ്യസഭാ എം.പിയായിരിക്കെ സുരേഷ്‌ഗോപിയുടെ എം.പി ഫണ്ട് ഉപയോഗിച്ച്‌ ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച ശക്തൻ മത്സ്യമാർക്കറ്റിലെ ശുചിമുറി ബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിന്റെയും സമർപ്പണ ചടങ്ങാണ് ‘ദേ…വന്നു…ദാ പോയി’ എന്നായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സമർപ്പണ ചടങ്ങ് പറഞ്ഞതെങ്കിലും മൂന്നുമണിയോടെ തന്നെ മാർക്കറ്റില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി 20 മിനിട്ടോളം കാറില്‍ തന്നെ ഇരുന്നു. തുടർന്ന് 3.20 ന് മേയർ എം.കെ. വർഗീസ് എത്തിയപ്പോള്‍ മാത്രമാണ് കാറില്‍ നിന്നും ഇറങ്ങിയത്. ഉടനെ നാട മുറിച്ച്‌ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം മൂന്നടി ഉയരത്തിലുള്ള മെഴുകുതിരിയില്‍ തിരി തെളിച്ചാണ് സമർപ്പണച്ചടങ്ങ് നിർവഹിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചടങ്ങിന് ശേഷം ഏതാനുംപേർ നിവേദനങ്ങളുമായി കേന്ദ്രമന്ത്രിയുടെ സമീപത്ത് നില്‍ക്കുന്നതിനിടെ കരോളിൻ ജെറീഷ് സ്വാഗതപ്രസംഗം തുടങ്ങി. ഇതും ശബ്ദപ്രശ്‌നമുണ്ടാക്കിയതോടെ അതും ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പറഞ്ഞ സമയത്തിന് മുമ്ബേ ചടങ്ങ് നടന്നതോടെ ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളാഞ്ചേരി അടക്കമുള്ള നേതാക്കള്‍ക്കോ ചടങ്ങില്‍ പങ്കെടുക്കാൻ സാധിച്ചില്ല.മേയർക്ക് പുറമെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ കരോളിൻ ജെറീഷ് പെരിഞ്ചേരി, കൗണ്‍സിലർ കെ.ജി. നിജി എന്നിവർ പങ്കെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയാകേണ്ട പി. ബാലചന്ദ്രൻ എം.എല്‍.എ, ഡെപ്യൂട്ടി മേയർ എം.എല്‍. റോസി, പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ഭരണ പ്രതിപക്ഷ കൗണ്‍സിലർമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തില്ല. സ്റ്റേജ് വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നെങ്കിലും കോർപറേഷൻ സ്റ്റേജ് ഒരുക്കിയിരുന്നു. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക